കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദിയുടെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പാമോലിൻ കേസ് റിപ്പോർട്ട് ചെയ്തതും ചർച്ചയാക്കിയതും ബിസി ജോജോയാണ്.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം ജോജോയ്ക്കുണ്ടായിരുന്നു. കേരളത്തിലെ തൊണ്ണൂറുകളിൽ രാഷ്ട്രീയം മാറ്റിമറിച്ചത് പാമോലിൻ കേസായിരുന്നു. കെ കരുണാകൻ എന്ന അതികായന്റെ വീഴ്ചയാണ് ഇതിലൂടെ സംഭവിച്ചത്. വി എസ് അച്യൂതനന്ദന്റെ ഇമേജ് മാറ്റത്തിന് പിന്നിലും പ്രധാന പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ നേതാവായി വിഎസിനെ മാറ്റിയതിന് പിന്നിലും ജോജോയുടെ കൂടെ ഇടപെടലിന്റെ ഫലമാണ്.
കേരള കൗമുദിയുടെ ഡൽഹി ബ്യൂറോയിൽ ജോലി ചെയ്യുമ്പോഴാണ് പാമോലിൻ കേസ് റിപ്പോർട്ട് ചെയ്തത്. അത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. മുല്ലപ്പെരിയാർ കരാറിലെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തതും ജോജോയാണ്. കേരള കൗമുദിയിൽ നിന്നും മാറിയ ശേഷം വെബ് ടിവി പ്ലാറ്റ് ഫോമുമായി സജീവമായി. തൊണ്ണൂറുകളിൽ കേരള കൗമുദി പത്രത്തിനെ ജനകീയമായി നിലനിർത്തുന്നതിൽ വലിയ പങ്ക് ബിസി ജോജോയ്ക്കുണ്ടായിരുന്നു.
കേരളത്തിലെ രാഷ്ട്രീയത്തെ ഇളക്കി മറിച്ച ആദ്യ അഴിമതിക്കേസായിരുന്നു പാമോലിൻ. പലവിധ സമ്മർദ്ദങ്ങളുണ്ടായിട്ടും ജോജോ അതിനൊന്നും വഴങ്ങിയില്ല. പാമോലിൻ ഫയലുകൾ വിഎസിന് കൈമാറിയതും അതിനെ നിയമസഭയിൽ ഉയർത്തിയതിനും പിന്നിൽ ബിസി ജോജോയുടെ ഇടപെടലുകളുണ്ടായിരുന്നു. അതിന് ശേഷം വിഎസിന്റെ അതിവിശ്വസ്തനായി ജോജോ മാറുകയും ചെയ്തു.