തിരുവനന്തപുരം: അഞ്ച് ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. തുടർന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി യോഗവും കോഴ വാഗ്‌ദാനം ചർച്ച ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് എസ്എഫ്ഐ നേതൃത്വം കോഴ വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്.
കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയതിൽ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി. കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികർത്താക്കളുിടെ ചുമതലയുണ്ടായിരുന്ന നേതാവുമാണ് അക്ഷയ്.