web analytics

പത്മജ പത്മജ ജി ആയപ്പോൾ നഷ്ടം കോൺ​ഗ്രസിനു തന്നെ; ദേശീയ മാധ്യമങ്ങളിലെ വാർത്ത മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ എന്നുമാത്രം; സി. രഘുനാഥ്, അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെയൊപ്പം പത്മജയും സ്ഥാനാർഥി പരിവേഷത്തിലെത്തിയാൽ കോൺ​ഗ്രസിന് അടിപതറും

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് കരുതിയിരിക്കെ കോൺഗ്രസ് ക്യാംപിന് ഷോക്കായി മാറുകയാണ് പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. ഇന്ത്യയൊട്ടാകെ കൈപ്പത്തി ചിഹ്നത്തെ താമര വിഴുങ്ങുമ്പോൾ കേരളത്തിൽ നിന്ന് ഒന്നുകൂടി എന്നതാണ് രാഷ്ട്രീയ ചിത്രം. എകെ ആന്റണിയുടെ മകൻ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയതിന് പിന്നാലെ കെ കരുണാകരന്റെ മകൾ ബിജെപിയിലെത്തുന്നു.
കോൺഗ്രസിന്റെ ജനകീയ നേതാക്കളുടെ പട്ടികയിലുള്ള നേതാവല്ല പത്മജയെങ്കിലും കെ കരുണാകരൻ എന്ന അതികായന്റെ മകൾ എന്ന ഒറ്റലേബൽ മതി കോൺഗ്രസിനേറ്റ ഈ ഷോക്കിന്റെ ആഴം എത്രയെന്ന് വ്യക്തമാകാൻ.

ഇന്ന് ദേശീയ മാധ്യമങ്ങളിൽ പത്മജ വാർത്തയാകുന്നത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ എന്ന തരത്തിൽ മാത്രമാണ്. ഇതുമാത്രമാണ് ബിജെപിയുടെ ലാഭവും. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ കെ കരുണാകരനെന്ന അതികായനായ കോൺഗ്രസ് നേതാവിന്റെ മകൾ ബിജെപിയിലെത്തിയെന്നതാണ് ബിജെപിയ്ക്കുള്ള ലാഭം. പത്മജയ്‌ക്കൊപ്പം കോൺഗ്രസ് പ്രവർത്തകർ ഒഴുകി ബിജെപിയിലേക്കെത്തുമെന്ന് കേരളത്തിലെ ബിജെപി നേതാക്കളും കേന്ദ്രനേതാക്കളും കരുതുന്നുണ്ടാവില്ല. പക്ഷേ കരുണാകരന്റെ മകൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറി എന്നതാണ് ബിജെപിയ്ക്ക് കിട്ടാവുന്ന ബൂസ്റ്റ്. അതീ തിരഞ്ഞെടുപ്പിൽ അവർ ഉപയോഗിക്കുകയും ചെയ്യും.

കോൺഗ്രസിലെ രണ്ട് പ്രമുഖ നേതാക്കളുടെ മക്കളെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് തങ്ങളുടെയൊപ്പം ചേർക്കാനായത് കേരളത്തിൽ മോദിയുടെ നേതൃപാടവത്തിന്റെ അംഗീകാരമായി കേരളത്തിൽ ബി.ജെ.പിക്ക് പ്രചരിപ്പിക്കാനാകും. അതിന് കോൺഗ്രസിലെ ആദർശ രാഷ്ട്രീയ നേതാവ് ആന്റണിയുടെ മകൻ അനിൽ ആന്റണിയെ തന്നെ ചാക്കിലാക്കിക്കൊണ്ടായിരുന്നു ബി.ജെ.പി. ആദ്യനീക്കം നടത്തിയത്. മാത്രമല്ല, പത്തനംതിട്ടയിൽ ഇത്തവണ മത്സരിക്കാൻ സീറ്റും കൊടുത്തു. കോൺഗ്രസുകാരുടെ പ്രിയപ്പെട്ട ലീഡറുടെ മകളെ ഒപ്പം കൂട്ടുകകൂടി ചെയ്‌തോടെ കോൺഗ്രസുകാർക്കുപോലും മോദിയുടെ നേതൃത്വത്തോട് താത്പര്യമാണെന്ന് ഒരിക്കൽകൂടി ജനങ്ങളോട് ഉറപ്പിച്ച് പറയാൻ കഴിയുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്.

ബി.ജെ.പി. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച 195 സ്ഥാനാർഥികളിൽ കേരളത്തിലെ പന്ത്രണ്ട് മണ്ഡലങ്ങളാണുള്ളത്. കേരളത്തിൽ ബി.ജെ.പി. ഇത്തവണ സീറ്റുകളുടെ എണ്ണം രണ്ടക്കം കടത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം അത്ര നിസ്സാരമായി കാണേണ്ടതല്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പന്ത്രണ്ട് സ്ഥാനാർഥികളുടേയും പ്രഖ്യാപനം. ബി.ജെ.പി. നിർണായക മണ്ഡലങ്ങളായി കണക്കാക്കുന്ന തിരുവനന്തപുരം, തൃശ്ശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും ചാലക്കുടി പോലുള്ളയിടങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഇവിടെ പത്മജയെ ബി.ജെ.പി. സ്ഥാനാർഥിയാക്കിയാലും അത്ഭുതമില്ല.

നേരത്തെ സി.പി.എമ്മിന്റെ ഭാഗമായും പിന്നീട് കോൺഗ്രസിന്റെ ഭാഗമായുമെല്ലാം നിന്നിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ മുസ്ലിം പരിവേഷം നൽകി ബി.ജെ.പിയുടെ ഭാഗമാക്കാൻ കഴിഞ്ഞെങ്കിലും അതിനേക്കാളെല്ലാം ഗുണംചെയ്യുന്നതാണ് പത്മജയുടെ പ്രവേശനമെന്നാണ് ബി.ജെ.പി. കണക്കു കൂട്ടുന്നത്. മോദിക്കെതിരേ പോരാടാൻ രൂപവത്കരിച്ച ഇന്ത്യ മുന്നണിയെ സംബന്ധിച്ച് നിർണായക പ്രാധാന്യമുള്ള ഇടമായി കോൺഗ്രസ് കണക്കാക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞതവണ 19 എം.പിമാരെ പാർലമെന്റിലെക്കെത്തിക്കാനായിരുന്നു. ഇത് ഇത്തവണയും ആവർത്തിച്ചാൽ കേരളത്തിനത് വലിയ നേട്ടമാവുമെന്ന തരത്തിലാണ് കോൺഗ്രസിന്റെ പ്രചാരണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ‘ഇന്ത്യ’ സർക്കാർ അധികാരത്തിലെത്തിയാൽ അവിടെ കോൺഗ്രസ് എം.പിമാർ നിർണായകമാവുമെന്നും മന്ത്രിസഭയിലടക്കം കേരളത്തിന് വലിയ പ്രാതിനിധ്യം ലഭിക്കുമെന്നും കോൺഗ്രസ് പ്രചാരണം നടത്തുമ്പോഴാണ് പത്മജയുടെ ബി.ജെ.പി. പ്രവേശനമെന്നതും ശ്രദ്ധേയം. മുൻ കോൺഗ്രസ് നേതാക്കളായ സി. രഘുനാഥ്, അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെയൊപ്പം പത്മജയും സ്ഥാനാർഥി പരിവേഷത്തിലെത്തിയാൽ അത് കോൺഗ്രസിനുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ലതാനും.

പാർട്ടി വിടാനുള്ള തീരുമാനം അപ്രതീക്ഷതമായിരുന്നെങ്കിലും ബിജെപി നേതാക്കളുമായി മാസങ്ങൾക്കു മുൻപു തന്നെ പത്മജ ആശയവിനിമയം നടത്തിയിരുന്നെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ചാലക്കുടി ലോക്‌സഭ സീറ്റ്, അല്ലെങ്കിൽ രാജ്യസഭ സീറ്റ് എന്നതായിരുന്നു പത്മജ കോൺഗ്രസിനു മുന്നിൽവച്ച നിബന്ധന. എന്നാൽ, ചാലക്കുടി സീറ്റ് നിഷേധിച്ചതിനു പിന്നാലെ, ഒഴിവുവരുന്ന ആദ്യ രാജ്യസഭ സീറ്റ് മുസ്ലിംലീഗിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ പത്മജ മനസിൽ കരുതിയിരുന്ന തീരുമാനം പ്രാവർത്തികമാക്കുകയായിരുന്നു.ഇതുവരെ വിജയിക്കാത്ത ഒരു സീറ്റ് അതിപ്പോൾ ചാലക്കുടിയായാലും പത്മജയ്ക്ക് നൽകിയാൽ സിറ്റിംഗ് സീറ്റ് പോകുമെന്ന കോൺഗ്രസിനുണ്ടാവുന്ന പേടി ബിജെപിയ്ക്ക് ഉണ്ടാവേണ്ട കാര്യവുമില്ല. ബിജെപിയെ സംബന്ധിച്ച് രാജ്യസഭാ സീറ്റെന്ന അപ്പം തന്നെ പത്മജയ്ക്ക് നൽകിയാലും ചാലക്കുടിയിൽ ഒരു ലോക്‌സഭാ സീറ്റു നൽകിയാലും കാര്യങ്ങളൊക്കെ ഒരു പോലെയാണ്. ചാലക്കുടി സീറ്റ് വേണ്ടെന്നും പെട്ടെന്നങ്ങു പോയി മൽസരിക്കാനാവില്ലെന്നുമൊക്കെ പത്മജ പറയുന്നത് ചുളുവിൽ ഒരു എംപി സ്ഥാനത്തിന് നല്ലത് രാജ്യസഭയാണെന്ന് കണ്ടുതന്നെയാണ്. ബിജെപിയെ സംബന്ധിച്ച് അത് നിസാരമെന്ന കണക്കുകൂട്ടലും പത്മജയ്ക്കുണ്ട്. കാരണം നിലവിലെ രാജ്യസഭയിൽ സമ്പൂർണ ആധിപത്യത്തിന് ഇനി മൂന്നോ നാലോ സീറ്റ് മതി ബിജെപിയ്ക്ക്.

ലീഡർ എവിടെ തിരിഞ്ഞാലും ഇന്ദിരയ്‌ക്കൊപ്പമായിരുന്നു, കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പോലും തന്റെ പാർട്ടി പേരിൽ ഇന്ദിരയെ മാത്രം മാറ്റാതെ പ്രതിഷ്ഠിച്ചിരുന്നു കെ കരുണാകരൻ. അങ്ങനെ ഇന്ദിരാ കോൺഗ്രസുകാരനായിരുന്ന കെ കരുണാകരൻ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന ഡിഐസി ഉണ്ടാക്കിയതും പിന്നീട് തിരിച്ചു കോൺഗ്രസിനൊപ്പം ചേർന്നതുമെല്ലാം ചരിത്രമാണ്. ഇന്നാ കോൺഗ്രസുകാരന്റെ മകൾ ബിജെപിയ്‌ക്കൊപ്പം ചേർന്ന് പേര് അന്വർത്ഥമാക്കുമ്പോൾ ലീഡറിന്റെ പേര് തന്നെയാണ് അവിടേയും ചർച്ചയാകുന്നത്. പത്മജാ വേണുഗോപാൽ എന്ന കോൺഗ്രസുകാരി ബിജെപിയ്‌ക്കൊപ്പം പോയാൽ ഇടിഞ്ഞു വീഴാൻ പാകത്തിനൊരാകാശം അവർ കോൺഗ്രസ് പാർട്ടിയിലുണ്ടാക്കിയിട്ടില്ല. പക്ഷേ ലീഡറിന്റെ മകൾ ബിജെപിക്കാരിയാവുന്നു എന്നത് ചില്ലറ തിരിച്ചടിയൊന്നുമല്ല കോൺഗ്രസിനുണ്ടാക്കുന്നത്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയിൽ. ഇടതുപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ പണി തുടങ്ങുമ്പോഴും ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിനായിട്ടില്ലാത്തവേളയിൽ.

പാർട്ടിക്കുള്ളിൽ ഒരു കാലത്ത് കൊമ്പുകോർത്ത് മുന്നണി മാറി മൽസരിച്ച എകെ ആന്റണിയും കെ കരുണാകരനും പക്ഷേ മക്കൾ പാർട്ടി വിട്ടു ബിജെപിയിൽ ചേരുമെന്ന് കരുതിയിട്ടുണ്ടാവില്ല. അതിൽ ഒരാൾ ഇതൊന്നും കാണാനില്ലെങ്കിലും എ കെ ആന്റണി എന്നും കൂട്ടുപിടിക്കാറുള്ള മൗനത്തിനപ്പുറത്തേക്ക് കോൺഗ്രസിനുള്ളിൽ നിശബ്ദനാക്കപ്പെട്ടതിൽ പത്തനംതിട്ട സീറ്റിൽ ബിജെപി പ്രതിഷ്ഠിച്ച മകന്റെ പേര് പതിഞ്ഞിട്ടും. ആന്റണിയുടെ എ ഗ്രൂപ്പും കരുണാകരന്റെ ഐ ഗ്രൂപ്പും കോൺഗ്രസിനുള്ളിൽ അധികാര വടംവലി നടത്തിയ കാലത്തും പിന്നീടുമെല്ലാം കെ കരുണാകരന്റെ വീടും കിച്ചൻ ക്യാബിനെറ്റുമെല്ലാം പലകുറി ചർച്ചയായതാണ്.

കോൺഗ്രസുകാർ സീറ്റ് നൽകി തന്നെ നിർത്തി തോൽപ്പിക്കുന്നുവെന്ന് പരാതിപ്പെടുന്ന പത്മജയ്ക്ക് ബിജെപിയിലെന്തായാലും അങ്ങനെ ഒരു പരാതി മുൻകാലത്തെ വിജയം ചൂണ്ടിക്കാണിച്ച് ഉന്നയിക്കാനാവില്ല. കാരണം ഒരിക്കൽ വിരിഞ്ഞ നേമത്തിനപ്പുറം നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു താമര വിജയം ഇതുവരെ ബിജെപിയ്ക്കില്ലെന്നത് തന്നെ.
ബി.ജെ.പിക്കെതിരേ പോരാടുമെന്ന് പറയുന്ന കോൺഗ്രസിൽ നിന്നുതന്നെ നേതാക്കൾ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോവുന്നുവെന്ന സി.പി.എമ്മിന്റെ പ്രചാരണതന്ത്രങ്ങൾക്ക് ശക്തി പകരുന്നതു കൂടിയാവും പത്മജയുടെ കളംമാറ്റം. നേരത്തേതന്നെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണ രംഗത്തേക്കിറങ്ങിയ സി.പി.എം, കോൺഗ്രസിനെതിരേ പ്രയോഗിക്കുന്ന പ്രധാന ആയുധം എങ്ങനെ കോൺഗ്രസിന് വിശ്വസിച്ച് വോട്ടുചെയ്യാനാവും എന്ന ചോദ്യമാണ്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരുടെ മറുകണ്ടംചാടലും രാജ്യസഭാ സ്ഥാനാർഥിയേപ്പോലും ജയിപ്പിക്കാൻ കഴിയാത്ത അവരുടെ നിസ്സഹായതയും തിരഞ്ഞെടുപ്പ് പരിപാടികളിൽ സി.പി.എമ്മിന്റെ പ്രധാന ആയുധമാണ്. ഇതിനിടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ സുപ്രധാന നേതാവായിരുന്ന കരുണാകരന്റെ മകൾ താമരത്തണ്ട് പിടിക്കുന്നത് എന്നതാണ് കോൺഗ്രസിൻറെ പ്രതിസന്ധി.

 

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

Related Articles

Popular Categories

spot_imgspot_img