രാജ്കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഇന്ത്യ പടുത്തുയർത്തിയ 445 റൺസ് ഇംഗ്ലണ്ടിന് മറികടക്കാനായില്ല. 319 റൺസ് മാത്രമാണ് എതിരാളികൾക്ക് നേടാനായത്. ഇതോടെ രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 126 റൺസിന്റെ ലീഡിലാണ് ഇന്ത്യ.
മൂന്നാം ദിനം രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. 18 റൺസെടുത്ത ജോ റൂട്ടിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. പിന്നാലെ ജോണി ബെയർസ്റ്റോ റൺസ് ഒന്നും എടുക്കാതെ പുറത്തായി. 153 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ വിക്കറ്റും രാവിലത്തെ സെഷനിൽ ഇന്ത്യയ്ക്ക് വീഴ്ത്താൻ കഴിഞ്ഞു. റൂട്ടിനെ ബുംറയും ബെയർസ്റ്റോയെയും ഡക്കറ്റിനെയും കുൽദിപ് യാദവും പുറത്താക്കി. ബെൻ സ്റ്റോക്സ് 41 റൺസും ബെൻ ഫോക്സ് 13 റൺസും നേടി പുറത്തായി.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രൻ അശ്വിന് പകരം ദേവ്ദത്ത് പടിക്കൽ കളത്തിലിറങ്ങി. എന്നാൽ ബാറ്റിങ്ങോ ബൗളിങ്ങോ പടിക്കലിന് ചെയ്യാൻ കഴിയില്ല. ഫീൽഡിംഗിൽ മാത്രമാണ് ഇന്ത്യയ്ക്ക് കർണാടക താരത്തിന്റെ സഹായം ലഭിക്കുക. വ്യക്തിപരമായ കാരണത്താൽ രവിചന്ദ്രൻ അശ്വിൻ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പടിക്കലിന് അവസരം ലഭിച്ചത്.