തൃശൂർ: ഗുരുവായൂരിലെ ദർശനത്തിനു ശേഷം തൃപ്രയാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ മോദി പ്രധാന വഴിപാടായ മീനൂട്ടും നടത്തി. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിക്ക് തൃപ്രയാർ ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേക ക്ഷണിതം ഉണ്ടായിരുന്നു. തുടർന്നാണ് അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇവിടെ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്.
ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട് സ്കൂള്‍ മൈതാനത്തെത്തിയ മോദി റോഡ് മാർഗമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തുമായി നിരവധി പേർ മോദിയ്ക്ക് അഭിവാദ്യം അറിയിച്ചു. ദർശനത്തിനു ശേഷം കുട്ടികളുടെ രാമായണ പാരായണത്തിലും മോദി പങ്കെടുത്തു.
കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12ന് വില്ലിങ്ടണ്‍ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ മോദി ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
Read Also: 17.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ