തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിന് പങ്കെടുക്കാനായി മോദി എത്തുമെന്നാണ് വിവരം. ജനുവരി 17 ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനെത്തിയ ചിത്രം സുരേഷ് ഗോപി പങ്കു വെച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.
ശ്രേയസ്സ് മോഹന്‍ ആണ് ഭാഗ്യ സുരേഷിന്റെ വരന്. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
Read Also: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; കപ്പിൽ പിടിമുറുക്കി കോഴിക്കോട്