ജോഹന്നാസ്ബർഗ്: ടി20, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 26 നു ആരംഭിക്കും. ലോകകപ്പിന് ശേഷം പ്രധാന താരങ്ങളെല്ലാം മടങ്ങിയെടുത്ത പരമ്പര കൂടിയാണ് നടക്കാൻ പോകുന്നത്. എന്നാൽ പരമ്പര ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ശുഭകരമായ വാർത്തകൾ അല്ല ഇപ്പോൾ പുറത്തു വരുന്നത്.
വ്യക്തിപരമായ ചില കാരണങ്ങളാൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ കോലി കളിക്കുമോ എന്ന കാര്യം സംശയമാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. ടെസ്റ്റ് സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലിയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാവും. കൂടാതെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്ന റുതുരാജ് ഗെയ്ക് വാദിനും പരമ്പര നഷ്ടമാകുമെന്നാണ് വിവരം. കൈവിരലിന് പരിക്കേറ്റതു മൂലം താരത്തിന് ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. പരിക്കിൽ നിന്നും മുക്തനാവാത്തതിനാൽ റുതുരാജിന് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. നേരത്തെ മുഹമ്മദ് ഷമിയുടെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിര്‍ണ്ണായക റോളുള്ള ബൗളറായിരുന്നു ഷമി. എന്നാല്‍ പരിക്ക് ഷമിയുടെ സ്ഥാനം നഷ്ടമാക്കി. ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഷമിയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാള്‍ക്ക് ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കാനാണ് സാധ്യത. എന്നാല്‍ സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഷമിയുടെ അസാന്നിധ്യവും ഇന്ത്യയ്ക്ക് വലിയ ക്ഷീണമാകും.
Read Also: കണക്കു വീട്ടി രാഹുൽ; പരമ്പരയ്‌ക്കൊപ്പം ഇന്ത്യൻ നായകൻ ചേർത്തു വെച്ചത് മറ്റൊരു റെക്കോർഡ് കൂടി