പെൻഷൻ കുടിശ്ശിക നല്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിമായി സ്വദേശിനിയായ മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാർ മറുപടി. സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ സാമ്പത്തിക പരിമിതിയുണ്ടെന്നും ഒരാള്‍ക്ക് മാത്രമായി പെന്‍ഷന്‍ നല്‍കാനാവില്ലെന്നും സർക്കാർ വിശദീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ലായെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ, പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. സർക്കാർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ചോദ്യങ്ങളുമായി ഹൈക്കോടതി. അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ, മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടന്നിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി എന്നിവയുണ്ടെന്നായിരുന്നു മറിയക്കുട്ടിക്കെതിരായ പ്രചരണം. ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്ട്രീയമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം കളവാണെന്ന് പിന്നീട് തെളിഞ്ഞു.