മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു
തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ അപ്രസക്തമാക്കി കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈയിലെ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത് എന്നത് ശ്രദ്ധേയമായി.
59 വർഷങ്ങൾക്ക് ശേഷമാണ് ഡിഎംകെയോ അണ്ണാഡിഎംകെയോ അല്ലാത്ത ഒരു കക്ഷി തമിഴ്നാടിന്റെ ഭരണം കൈയാളുന്നത് എന്നത് ഈ വിജയത്തിന്റെ ചരിത്ര പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രീയ പരിചയവും യുവത്വവും ഒരേപോലെ സമന്വയിപ്പിച്ചാണ് വിജയ് തന്റെ മന്ത്രിസഭയെ രൂപപ്പെടുത്തിയിരിക്കുന്നത്. അനുഭവസമ്പന്നരായ നേതാക്കളെ കൂടെ നിർത്തി ഭരണസംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാനാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായാണ് അണ്ണാഡിഎംകെയുടെ മുൻ കരുത്തനായ കെ.എ. സെങ്കോട്ടയ്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എംജിആർ, ജയലളിത എന്നിവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഭരണപരിചയം പുതിയ സർക്കാരിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വിശ്വസ്തർക്കും മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. വിജയ്‌യുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ആദവ് അർജുനയാണ് മന്ത്രിസഭയിലെ പ്രമുഖനായ മറ്റൊരു യുവമുഖം.
വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അർജുന, പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. തെക്കൻ തമിഴ്‌നാട്ടിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നിർമൽ കുമാറിനെയും വിജയ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തു. മുൻ ബിജെപി നേതാവായിരുന്ന ഇദ്ദേഹം മധുരയിലെ തിരുപ്പരൻകുണ്ട്രത്ത് നിന്നാണ് ജനവിധി തേടിയത്.
ടിവികെയുടെ ജനറൽ സെക്രട്ടറിയും വിജയ്‌യുടെ ദീർഘകാല സുഹൃത്തുമായ ആനന്ദും മന്ത്രിസഭയുടെ ഭാഗമായി. ടി നഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ആനന്ദ്, പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു.
ജാതി സമവാക്യങ്ങളും പ്രാദേശിക പ്രാതിനിധ്യവും കൃത്യമായി പാലിച്ചുകൊണ്ടാണ് ഒമ്പത് അംഗ മന്ത്രിസഭയെ വിജയ് പ്രഖ്യാപിച്ചത്. തഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളെ ഉൾപ്പെടുത്തിയതിലൂടെ ജനകീയമായ ഒരു ഭരണമാണ് ടിവികെ ലക്ഷ്യമിടുന്നത്.
പുതിയ സർക്കാരിന്റെ അധികാരാരോഹണം തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയോടെ അധികാരത്തിലെത്തിയ വിജയ് സർക്കാർ, സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരുമെന്നാണ് ആരാധകരും പാർട്ടി പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ചെന്നൈയിലേക്ക് ഒഴുകിയെത്തിയത്. തമിഴ്നാടിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന വാഗ്ദാനത്തോടെയാണ് വിജയ് തന്റെ ഭരണയാത്ര ആരംഭിച്ചിരിക്കുന്നത്.








