‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ ചൂടുപിടിക്കുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നും, ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനസ്സിലുള്ള പേര് ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഞാൻ തന്നെ” എന്നായിരുന്നു കെ. സുധാകരന്റെ മറുപടി. “രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ല. എനിക്കെന്താ, പറ്റില്ലേ?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡാണ് എടുക്കുകയെന്നും, ആവശ്യമെങ്കിൽ തന്റെ അഭിപ്രായം അറിയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, നേരത്തെ കെ.സി. വേണുഗോപാലിന് അനുകൂലമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്ന കെ. സുധാകരൻ, കഴിഞ്ഞ ദിവസം കെ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിലപാടിൽ മാറ്റമുണ്ടെന്ന സൂചനയും നൽകി.
“പഴയ നിലപാടിൽ ഉറച്ചു നിൽക്കാൻ ഞാൻ പൂഴിയല്ല” എന്ന കടുത്ത പരാമർശവും അദ്ദേഹം മാധ്യമങ്ങളോട് നടത്തി. ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി ഉയരുന്നതിനിടെയാണ് കെ. സുധാകരന്റെ പ്രതികരണവും ശ്രദ്ധേയമായിരിക്കുന്നത്.
English Summary
Former KPCC president K. Sudhakaran stirred fresh debate in Congress circles by saying “I myself” when asked who he prefers as Kerala’s next chief minister. He also hinted at a change in his earlier stand supporting K.C. Venugopal.
k-sudhakaran-reaction-on-kerala-chief-minister
കെ സുധാകരൻ, മുഖ്യമന്ത്രി, കോൺഗ്രസ്, കേരള രാഷ്ട്രീയം, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല









