ദീപാവലി സീസണിൽ മിക്ക വാഹന നിർമ്മാതാക്കളും ആകർഷകമായ ഓഫറുകൾ നൽകും .അത് കൊണ്ട് ചില ആളുകൾ ഉത്സവ സീസൺ ആകാൻ കാത്തിരിക്കാറുണ്ട് വാഹങ്ങൾ വാങ്ങാൻ . കാറുകൾക്കാണ് ഇത്തരത്തിൽ ഓഫറുകൾ പ്രധാനമായും ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഹാർലി ഡേവിഡ്സൺ (Harley-Davidson) ബൈക്കുകളും ദീപാവലി സമയത്ത് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. പ്രീമിയം മോട്ടോർസൈക്കിളുകൾക്കാണ് ഹാർലി ഡേവിഡ്സൺ വലിയ ഡിസ്കൌണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 5.30 ലക്ഷം രൂപ വരെ കിഴിവാണ് ഈ ബൈക്കുകൾക്ക് ഹാർലി ഡേവിഡ്സൺ നൽകുന്നത്.
മോഡലുകളും ഡിസ്കൌണ്ടുകളും
2022 സ്‌പോർട്‌സ്‌റ്റർ എസ് മോട്ടോർസൈക്കിളിന്റെ യഥാർത്ഥ വില 16.51 ലക്ഷം രൂപയാണ്. ഈ ബൈക്കിന് ഇപ്പോൾ 4.45 ലക്ഷം രൂപ കിഴിവാണ് ലഭിക്കുന്നത്. ഇതോടെ ബൈക്കിന്റെ വില 12.06 ലക്ഷം രൂപയായി കുറയുന്നു. 2023 സ്‌പോർട്‌സ്‌റ്റർ എസ് മോഡലിന് 18.79 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്. 3.25 ലക്ഷം രൂപയാണ് ബൈക്കിനുള്ള ഡിസ്കൌണ്ട്. ഇതോടെ വില 15.54 ലക്ഷം രൂപയായി കുറയുന്നു. 2022 നൈറ്റ്സ്റ്ററിന്റെ ഇന്ത്യയിലെ വില 14.99 ലക്ഷം രൂപയാണ്, ഈ ബൈക്കിന് 4.30 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നു. ഇതോടെ ബൈക്കിന്റെ വില 10.69 ലക്ഷം രൂപയായി കുറയും.
നൈറ്റ്സ്റ്റർ മുതൽ പാൻ അമേരിക്ക വരെ
2023 നൈറ്റ്സ്റ്റർ മോഡൽ മോട്ടോർസൈക്കിളിന്റെ യഥാർത്ഥ എക്സ് ഷോറൂം വില 17.63 ലക്ഷം രൂപയാണ്. ഈ ബൈക്കിന് 5.25 ലക്ഷം രൂപ ഡിസ്കൌണ്ടാണ് ദീപാവലി ഓഫറായി ലഭിക്കുന്നത്. ഇതോടെ ബൈക്കിന്റെ വില 12.24 ലക്ഷം രൂപയായി കുറയും. 2022 പാൻ അമേരിക്ക 1250 സ്പെഷ്യൽ മോഡലിന്റെ എക്സ് ഷോറൂം വില 20.99 ലക്ഷം രൂപയാണ്, ദീപാവലി ഓഫറിന്റെ ഭാഗമായി 4.90 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നതോടെ ബൈക്കിന്റെ വില 16.09 ലക്ഷം രൂപയായി കുറയും.
നൈറ്റ്സ്റ്റർ സ്പെഷ്യൽ
2023 പാൻ അമേരിക്ക 1250 സ്പെഷ്യൽ എന്ന 24.49 ലക്ഷം രൂപ വിലയുള്ള ബൈക്കിന് 3.25 ലക്ഷം രൂപ കിഴിവാണ് ദീപാവലി സീസണിൽ കമ്പനി നൽകുന്നത്. ഇതോടെ ബൈക്കിന്റെ വില 21.24 ലക്ഷമായി കുറയും. 2023 നൈറ്റ്സ്റ്റർ സ്പെഷ്യൽ മോഡലിന് 18.29 ലക്ഷം രൂപയാണ് വില. 5.30 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നതോടെ ഈ മോട്ടോർസൈക്കിളിന്റെ വില 12.99 ലക്ഷമായി കുറയും. ഈ മോഡലിന് തന്നെയാണ് ദീപാവലി സീസണിൽ ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നത്.
Read Also : ഓഫ് റോഡ് അഡ്വഞ്ചറിനു കരുത്തുപകരാൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി തായ്‌വാൻ കമ്പനി