ആ അമ്മയ്ക്കറിയില്ല മകൻ മരിച്ചുവെന്ന്; ദിവസവും വീഡിയോ കോളിലൂടെ സംസാരിക്കും; എഐ നിർമ്മിച്ച ഡിജിറ്റൽ മനുഷ്യൻ ചർച്ചയാകുന്നു!
ബീജിങ്: മകൻ മരിച്ചതറിയാതെ ദിവസവും വീഡിയോ കോളിലൂടെ ‘മകനുമായി’ സംസാരിക്കുന്ന വയോധിക അമ്മയെ ചുറ്റിപ്പറ്റിയ സംഭവമാണ് ചൈനയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
റോഡപകടത്തിൽ മകൻ മരിച്ചതിനെ തുടർന്ന്, ഹൃദ്രോഗിയായ 80 വയസുകാരിയായ അമ്മയ്ക്ക് ഈ വിവരം അറിയിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് കുടുംബം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മകന്റെ ‘ഡിജിറ്റൽ പതിപ്പ്’ സൃഷ്ടിച്ചത്.
മകന്റെ പഴയ ഫോട്ടോകൾ, ശബ്ദരേഖകൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ വിശകലനം ചെയ്ത് യാഥാർത്ഥ്യത്തിനടുത്ത അനുഭവം നൽകുന്ന രീതിയിൽ ഒരു വെർച്വൽ രൂപം വികസിപ്പിച്ചു. മകന്റെ സംസാരശൈലിയും മുഖഭാവങ്ങളും വരെ കൃത്യമായി പുനഃസൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിച്ചതായാണ് റിപ്പോർട്ട്.
ഇപ്പോൾ അമ്മയും ‘ഡിജിറ്റൽ മകനും’ ദിവസേന ചാറ്റ് ആപ്പിലൂടെ വീഡിയോ കോളിൽ സംസാരിക്കുന്നു. മകനെക്കുറിച്ചുള്ള സ്‌നേഹവും ആശങ്കകളും പങ്കുവയ്ക്കുന്ന അമ്മയ്ക്ക്, സംശയം തോന്നാത്ത വിധത്തിൽ മറുപടി നൽകുകയാണ് ഈ വെർച്വൽ സംവിധാനം.
എന്നാൽ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് കാരണമായി. മരിച്ച ഒരാളെ ഡിജിറ്റൽ രൂപത്തിൽ പുനഃസൃഷ്ടിക്കുന്നത് നൈതികമായും മാനസികമായും ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. സത്യം പിന്നീട് പുറത്തുവന്നാൽ അത് കൂടുതൽ വേദനയ്ക്ക് ഇടയാക്കുമെന്നാണ് വിമർശകരുടെ നിലപാട്.
അതേസമയം, മനുഷ്യന്റെ മാനസിക വേദന കുറയ്ക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ന്യായമാണെന്ന വാദവും ഉയരുന്നുണ്ട്. “ഇത് ഒരു വഞ്ചനയായിരിക്കാം, എന്നാൽ അത് ഒരു ജീവനെ സംരക്ഷിക്കാൻ സഹായിക്കുന്നുവെങ്കിൽ സാങ്കേതിക വിദ്യയുടെ വിജയമാണ്,” എന്നാണ് എഐ സംഘം പ്രതികരിച്ചത്.
English Summary
In China’s Shandong province, a family used AI to create a digital version of a deceased son so his elderly, heart patient mother would not learn about his death. The AI replica interacts with her daily through video calls, mimicking his voice and behavior. The incident has sparked ethical debates about using technology to conceal truth versus providing emotional support.









