6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ
ഹൂസ്റ്റൺ: ചന്ദ്രനെ വലംവെച്ചുള്ള ചരിത്രയാത്രയ്ക്ക് ശേഷം ഓറിയോൺ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് നാസയ്ക്കും ലോകത്തിനും ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങളായിരുന്നു.
അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിച്ചപ്പോൾ മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിലായിരുന്നു പേടകത്തിന്റെ സഞ്ചാരം. ഈ സമയത്ത് പുറത്തെ താപനില 2,760 ഡിഗ്രി സെൽഷ്യസിലെത്തുകയും പേടകം ചുവന്ന പ്ലാസ്മയിൽ പൊതിഞ്ഞ തീഗോളം പോലെ ദൃശ്യമാവുകയും ചെയ്തു.
അന്തരീക്ഷ പ്രവേശനത്തോടെ ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെട്ട് ആറു മിനിറ്റ് നീണ്ട ‘ബ്ലാക്ക് ഔട്ട്’ ആരംഭിച്ചു. ഈ നിർണായക ഘട്ടത്തിൽ ഹീറ്റ് ഷീൽഡിന്റെ കാര്യക്ഷമതയിലായിരുന്നു നാസയുടെ പ്രധാന ആശങ്ക.
ഒടുവിൽ ബ്ലാക്ക് ഔട്ട് അവസാനിച്ചതോടെ പാരച്യൂട്ടുകൾ വിജയകരമായി തുറന്നു. “ഹൂസ്റ്റൺ, നിങ്ങളെ വ്യക്തമായി കേൾക്കുന്നു” എന്ന മിഷൻ കമാൻഡർ റീഡ് വൈസ്മാന്റെ സന്ദേശം കൺട്രോൾ റൂമിൽ ആശ്വാസമായി. തുടർന്ന് പേടകം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ അംഗങ്ങൾ. 4,06,771 കിലോമീറ്റർ ദൂരം സഞ്ചരിച്ച സംഘം, മനുഷ്യൻ ഭൂമിയിൽ നിന്ന് ഇതുവരെ പോയ ഏറ്റവും ദൂരമുള്ള യാത്രയായി പുതിയ റെക്കോർഡ് കുറിച്ചു.
യാത്രയ്ക്കിടെ ചില സാങ്കേതിക പ്രശ്നങ്ങളും നേരിട്ടെങ്കിലും, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിൽ വലിയ മുന്നേറ്റമായാണ് ഈ മിഷൻ വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിര സാന്നിധ്യവും പിന്നീട് ചൊവ്വയിലേക്കുള്ള മനുഷ്യ യാത്രയും ലക്ഷ്യമിടുന്നതാണ് ഈ ദൗത്യം.
English Summary
NASA’s Orion spacecraft safely returned to Earth after a historic Artemis mission around the Moon. After a tense six-minute communication blackout during re-entry, the capsule successfully splashed down, marking a major step toward future human missions to the Moon and Mars.









