സിപിഒ ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭർത്താവിന് മൂന്നു ജീവപര്യന്തം; 2 ലക്ഷം പിഴയും
കണ്ണൂര്‍: കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീ (38)യെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് കെ. രാജേഷിന് കോടതി മൂന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ടുലക്ഷം രൂപ പിഴയും ചുമത്തി.
2024-ല്‍ നടന്ന ഈ ക്രൂര കൊലപാതകം സംസ്ഥാനത്തെ നടുക്കിയിരുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ദിവ്യശ്രീയെ ഭര്‍ത്താവ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ.
വിവാഹമോചന കേസ് പരിഗണിച്ചിരുന്ന ദിവസത്തിന്റെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ രാജേഷ് വടിവാളുപയോഗിച്ച് ദിവ്യശ്രീയെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീ ആശുപത്രിയില്‍ മരിച്ചു.
സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂര്‍ പുതിയതെരുവിലെ ബാറില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിന്നീട് കണ്ടെത്തി.
ഭര്‍ത്തൃപീഡനവും സാമ്പത്തിക തര്‍ക്കങ്ങളും കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് കണ്ടെത്തല്‍. ദിവ്യശ്രീ വിവാഹമോചനം ആവശ്യപ്പെട്ടതും പ്രതിയെ പ്രകോപിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
English Summary
A court in Kannur sentenced Rajesh to triple life imprisonment for the brutal murder of his wife, CPO Divyashree.
The 2024 case involved domestic violence and financial disputes, with the accused attacking her at her residence.









