ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!
ന്യൂഡൽഹി: മോട്ടോർ വാഹന നിയമങ്ങൾ ഉൾപ്പെടെ വിവിധ നിയമങ്ങളിലെ ശിക്ഷാ ഇളവുകൾ ഉൾപ്പെടുത്തി ജൻ വിശ്വാസ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി കേന്ദ്രം. ചെറിയ കുറ്റങ്ങൾക്ക് ഇനി തടവുശിക്ഷ ഒഴിവാക്കി പിഴയോ താക്കീതോ മാത്രം നൽകി കേസുകൾ അവസാനിപ്പിക്കാനാകും.
ആകെ 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയത്. കോടതികളിൽ കെട്ടിക്കിടക്കുന്ന അഞ്ചുകോടിയിലധികം കേസുകൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കേസുകൾ അവസാനിപ്പിക്കാൻ പ്രോസിക്യൂട്ടർമാർ കോടതികളിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതികളുടെ ഭാരം കുറയ്ക്കുകയും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. സംസ്ഥാനങ്ങളും ഇതിന് അനുയോജ്യമായ ഭേദഗതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ചെറിയ കുറ്റങ്ങൾക്ക് ആദ്യഘട്ടത്തിൽ താക്കീത് മാത്രം നൽകുകയും ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ശബ്ദ മലിനീകരണത്തിന് ആദ്യമായി മുന്നറിയിപ്പ് നൽകും, എന്നാൽ വീണ്ടും ആവർത്തിച്ചാൽ കർശന നടപടി ഉണ്ടാകും.
വാഹനാപകട നഷ്ടപരിഹാര ഹർജി നൽകാനുള്ള കാലാവധി നിലവിലെ ആറുമാസത്തിൽ നിന്ന് ഇനി 12 മാസം കൂടി കൂട്ടി. അപ്പീലുകൾ പരിഗണിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി പ്രത്യേക അധികാരികളെ നിയമിക്കും.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ ഇളവും അനുവദിച്ചു. കാലാവധി കഴിഞ്ഞ് 30 ദിവസത്തേക്ക് ലൈസൻസിന് സാധുത തുടരും. ഈ സമയത്തിനുള്ളിൽ പുതുക്കണം.
ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി കേസ് എടുക്കാതെ 500 രൂപ വരെ പിഴ ചുമത്തും. ട്രെയിനിൽ റിസർവ് ചെയ്ത സീറ്റുകൾ കൈയടക്കിയാൽ 1000 രൂപ വരെ പിഴ ഈടാക്കും. പൊതുകുടിവെള്ളം ദുരുപയോഗിച്ചാലും 1000 രൂപ വരെ പിഴ ചുമത്തും.
ഇതിന് പുറമെ, രാത്രി സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന പേരിൽ കേസെടുക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നു. ഡൽഹി പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് മരവിപ്പിച്ചു.
പ്രധാന ഭേദഗതികൾ:
317 വകുപ്പുകളിൽ ക്രിമിനൽ കേസുകൾ ഒഴിവാക്കി പിഴ മാത്രം
158 വകുപ്പുകളിൽ പിഴ ഒഴിവാക്കി
29 വകുപ്പുകളിൽ തടവുശിക്ഷ ഒഴിവാക്കി
113 വകുപ്പുകളിൽ തടവും പിഴയും പിഴയായി മാറ്റി
57 വകുപ്പുകളിൽ തടവും പിഴയും ഒഴിവാക്കി
63 വകുപ്പുകളിൽ ആദ്യ കുറ്റത്തിന് താക്കീത്
17 വകുപ്പുകളിൽ ശിക്ഷാകാലാവധി കുറച്ചു
ഈ ബിൽ വിശ്വാസാധിഷ്ഠിത നിയമ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കാലഹരണപ്പെട്ട ചട്ടങ്ങൾ നീക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
English Summary
Parliament has passed the Jan Vishwas Amendment Bill, removing jail terms for minor offences and replacing them with fines or warnings to reduce court burden.









