‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം
പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ‘കൗണ്ട്ഡൗൺ’ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ആദ്യമായി എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ പ്രസംഗം ആരംഭിച്ച മോദി, ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാറ്റ് വ്യത്യസ്തമാണെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയെ പ്രശംസിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തുടനീളം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനം ഇനി നാട്ടിനും ലഭിക്കുമെന്നും വ്യക്തമാക്കി.
കേരളം വികസനത്തിൽ പിന്നിലാണെന്ന് ആരോപിച്ച മോദി, ഗ്രാമീണ റോഡുകളും ആരോഗ്യ മേഖലയും ഉൾപ്പെടെ പല മേഖലകളിലും പുരോഗതി ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്തേക്കാൾ അഞ്ചിരട്ടി ധനസഹായം എൻഡിഎ സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ മോദി പിന്നീട് റോഡുമാർഗം തിരുവല്ലയിലെത്തി. 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
ശബരി റെയിൽ പദ്ധതി, ദേശീയപാത വികസനം, വന്ദേഭാരത് ട്രെയിൻ തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമാണെന്നും, എൻഡിഎ സർക്കാർ വന്നാൽ ഇത്തരം പദ്ധതികൾക്ക് കൂടുതൽ വേഗം ലഭിക്കുമെന്നും മോദി വ്യക്തമാക്കി.
ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും.
English Summary
Prime Minister Narendra Modi said that the “countdown” for the LDF government has begun in Kerala and expressed confidence that an NDA government will come to power in the state. Speaking at a rally in Thiruvalla, he highlighted development issues and praised NDA candidate Anoop Antony.
Modi claimed that the central government has provided significantly higher funds to Kerala compared to previous regimes and emphasized infrastructure projects like highways and railways. He also participated in campaign events and is scheduled for a roadshow in Thiruvananthapuram.









