തലൈവർക്ക് നേരെ നിവർന്നു നിന്ന് മനസ്സിലായോ സാറേ എന്ന് ചോദിച്ച ഒരേ ഒരു വില്ലൻ. സാക്ഷാൽ വിനായകൻ . നോട്ടത്തിലും ചിരിയിലും ശരീര ഭാഷയിലും നിങ്ങൾക്ക് മാറ്റി നിർത്താൻ പറ്റുന്നവനല്ല ഈ വിനായകൻ എന്നതടക്കമുള്ള ഓർമപ്പെടുത്തലാണ് ജയിലറിൽ വിനായകന്റെ പ്രകടനം. വിനായകൻ നടനാകാൻ എത്തിയവനാണ്, ഇവിടെ തന്നെ കാണുമെന്ന പ്രഖ്യാപനം. വരാനിരിക്കുന്ന കാലം തന്റേതാണ്, അതിലേക്കുള്ള തുടക്കമാണ് വർമ്മൻ എന്നാണ് തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകനോട് നിശബ്ദമായി വിനായകൻ പറയുന്നത്. ആ പ്രഖ്യാപനത്തെ കൈയടിച്ച് സ്വീകരിക്കുന്ന പ്രേക്ഷകൻ വരാനിരിക്കുന്ന കാലം വിനായകന്റേത് കൂടിയാണെന്ന് മറുസാക്ഷ്യം നൽകുന്നുമുണ്ട്. അന്ന് മുതൽ വിനായകന്റെ അടുത്ത സിനിമക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ലോകം .
ഇപ്പോഴിതാ സൂപ്പർതാരം വിക്രമിനൊപ്പം സ്റ്റൈലിഷ് വില്ലനായി വിനായകൻ എത്തുന്നു..എക്കാലവും സിനിമാ പ്രേമികളിൽ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. അതേ സമയം ജിവിഎം പകുതി വഴിയിൽ ഉപേക്ഷിച്ച ചിത്രങ്ങളും ആരാധകരിൽ സൃഷ്ടിക്കുന്ന നിരാശ ചെറുതല്ല. ചില ചിത്രങ്ങളാകട്ടെ ചിത്രീകരണം അനന്തമായി നീണ്ടുപോയി ഒടുവിൽ ആരാധകരിൽ സങ്കടം മാത്രം ബാക്കിയാക്കിയവയുമാണ്.ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരവും അത്തരത്തിൽ സിനിമാ പ്രേമികളെ കാത്തിരിപ്പിന്റെ പരകോടിയിലെത്തിച്ച സിനിമയാണ്. 2016 ജൂണിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ഇപ്പോഴും ആരാധകർ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.
സ്‌പൈ ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നതോടെ ആരാധകരിൽ വീണ്ടും ആവേശ തിരയിളക്കം ഉണ്ടായിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം വിക്രത്തിനൊപ്പം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ്. വിനായകൻ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. 2016ൽ ചിത്രീകരണം ആരംഭിച്ച സിനിമ 2018ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ചിരുന്നു. ആറ് വർഷങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂർത്തിയാക്കിയത്.