കർഷകർക്ക് ഇരട്ടപ്രഹരം; നെല്ല് സംഭരണം മുടങ്ങുന്നതിനിടെ ചാക്ക് വിലയും കുതിക്കുന്നു
പാലക്കാട്: ആഗോള യുദ്ധ സാഹചര്യങ്ങളുടെ പ്രതിഫലനമായി പ്ലാസ്റ്റിക് ചാക്കുകളുടെ വില കുത്തനെ ഉയർന്നത് നെൽകർഷകരെ പ്രതിസന്ധിയിലാക്കി. ഓരോ സീസണിലും വലിയ തോതിൽ ചാക്കുകൾ വാങ്ങേണ്ടി വരുന്ന കർഷകർക്ക് ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് ചാക്കുകളുടെ വിലയിൽ ഉണ്ടായ കുത്തനെ വർധന നെൽകർഷകരെ കനത്ത സാമ്പത്തിക സമ്മർദത്തിലാക്കി. മുമ്പ് 10–11 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ചാക്കിന്റെ വില ഇപ്പോൾ 15 രൂപയായി ഉയർന്നു. ഓരോ ചാക്കിനും 4–5 രൂപയുടെ വർധന ഉണ്ടായതോടെ കർഷകർക്ക് സീസൺ ചെലവ് ഗണ്യമായി കൂടിയിരിക്കുകയാണ്.
നെല്ല് സംഭരിക്കുന്നതിനായി പ്രധാനമായും പ്ലാസ്റ്റിക് ചാക്കുകളെയാണ് കർഷകർ ആശ്രയിക്കുന്നത്. ഓരോ കൃഷി സീസണിലും പുതുതായി ചാക്കുകൾ വാങ്ങുന്നത് പതിവായതിനാൽ വില വർധന നേരിട്ട് ബാധിക്കുന്നു.
ചിലർ ഇപ്പോൾ ചെലവ് കുറയ്ക്കാൻ പഴയ ചാക്കുകൾ വാങ്ങേണ്ട സാഹചര്യമുണ്ടായി. എന്നാൽ പഴയ ചാക്കുകൾക്ക് പോലും കുറഞ്ഞത് 10 രൂപയെങ്കിലും നൽകേണ്ടി വരുന്നു. കൂടാതെ ഇവ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലായതിനാൽ അപകടസാധ്യതയും ഉയർന്നിട്ടുണ്ട്.
ഒരു ചാക്കിൽ ഏകദേശം 50 മുതൽ 55 കിലോഗ്രാം വരെ നെല്ല് നിറയ്ക്കുന്ന സാഹചര്യത്തിൽ, ചാക്കുകളുടെ വില വർധന സംഭരണ ചെലവിനെയും കർഷകരുടെ ലാഭത്തെയും ബാധിക്കുന്നു. സപ്ലൈകോ നെല്ല് സംഭരിക്കുന്നതുവരെ കർഷകർക്ക് സ്വന്തം സംവിധാനത്തിലായാണ് സംഭരണം നടത്തേണ്ടത്.
പ്ലാസ്റ്റിക് ചാക്കുകളുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് വില വർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കൊയ്ത്ത് സീസൺ സജീവമാകുന്നതോടെ ചാക്കുകളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, സപ്ലൈകോ സംഭരണത്തിനായി മില്ലുകൾ ചാക്കുകൾ നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ടെങ്കിലും പ്രായോഗികമായി ഇത് പാലിക്കപ്പെടുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഇതോടെ ഓരോ സീസണിലും കർഷകർക്ക് സ്വന്തം ചെലവിൽ ചാക്കുകൾ വാങ്ങേണ്ടി വരുന്നു.
മുൻപ് നെല്ല് സംഭരിക്കാൻ ചണച്ചാക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവയുടെ ക്ഷാമം കാരണം കർഷകർ മുഴുവൻ പ്ലാസ്റ്റിക് ചാക്കുകളിലേക്കാണ് മാറിയിരിക്കുന്നത്.
English Summary
The sharp rise in plastic sack prices has put paddy farmers in Kerala under financial strain. Prices have increased from ₹10–11 to ₹15 per sack, significantly raising seasonal costs. Due to lack of alternatives and poor supply support, farmers are forced to buy even used sacks, impacting storage safety and profitability.









