സി.പി.ഐ പുറത്താക്കിയ സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത
സി.പി.ഐയിൽ നിന്ന് പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിലേക്ക് ചേരുകയും തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യത. ഇന്ന് ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
മുന്‍പ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് തീരുമാനം എന്ന് മുകുന്ദൻ അറിയിച്ചിരുന്നതായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതോടെ ബിജെപിയിലേക്ക് ചേക്കേറാനാണ് അദ്ദേഹം തീരുമാനിച്ചതെന്നാണ് സൂചന.
മുകുന്ദന് യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ നാട്ടികയിൽ മുകുന്ദനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ അമർഷമുണ്ടായിരുന്നു. സി.പി.ഐയിൽ നിന്ന് പുറത്തായ ഒരാളെ കോൺഗ്രസിന് വേണ്ടെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ നിലപാട്.
കോൺഗ്രസ് പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് സി.സി. മുകുന്ദൻ ഒടുവിൽ ബിജെപിയിലേക്ക് എത്തുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തന്റെ വീട് ചോർന്നൊലിക്കുന്ന അവസ്ഥയിൽ ഉണ്ടായിരുന്നുവെന്നും അത് ശരിയാക്കി തരാമെന്ന് പറഞ്ഞ് പാർട്ടി നേതാക്കൾ തന്നെ ചതിച്ചുവെന്നും മുകുന്ദൻ മുമ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കൂടാതെ മുൻ എം.എൽ.എയും നാട്ടികയിലെ സിപിഐ സ്ഥാനാർഥിയുമായ ഗീത ഗോപിക്കെതിരെ മുകുന്ദൻ പരസ്യമായി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
English Summary
Nattika MLA C.C. Mukundan, who was expelled from the CPI, is likely to join the BJP and may contest the upcoming election as the party’s candidate.









