കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങളിൽ ഒന്നിൽ ഏറ്റുമുട്ടിയത് കരുത്തരായ ഇന്ത്യയും ന്യൂസിലൻഡും. എതിരാളികൾ ദുർബലരല്ലെന്ന് ഇരു കൂട്ടർക്കും നന്നായി അറിയാം. എന്നാൽ, കിരീട മോഹവുമായി ഇറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകളെ കില്ലർ കിവീസ് കാറ്റിൽ പറത്തി. വർഷങ്ങൾക്കിപ്പുറവും ഇരു ടീമുകളും ശക്തരായി തുടരുമ്പോൾ മറ്റൊരു സൂപ്പർ മത്സരത്തിന് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.
ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ തോല്‍പ്പിച്ചാല്‍ സെമിയിലേക്കുള്ള ദൂരം ഇന്ത്യയ്ക്ക് എളുപ്പം പിന്നിടാം. എന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുക എന്ന ദൗത്യം അത്ര എളുപ്പമല്ല. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ച വെക്കണം. കിവീസിന്റെ ഇടം കൈയന്‍ പേസറായ ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കണമെങ്കിൽ ബാറ്റർമാരെല്ലാം മികച്ച ഫോമിൽ നിന്നെ മതിയാകൂ. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ട്രന്റ് ബോള്‍ട്ട് ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് ഭീഷണിയാണ്. മികച്ച തുടക്കം ലഭിക്കാതെ വന്നാല്‍ കിവീസിന് മുന്നിൽ ഇന്ത്യ പതറുമെന്ന് ഉറപ്പ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന് ഇന്ത്യയ്ക്ക് കരുത്തേകണം. ഇവരെ പുറത്താക്കാനുള്ള ആക്രമണ പ്രകടനമാകും ട്രന്റ് ബോള്‍ട്ട് പുറത്തിറക്കുക.
ഇന്ത്യയുടെ ബൗളിംഗ് നിരയിലാണെങ്കിൽ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഏല്പിച്ചത് കനത്ത ആഘാതമാണ്. ശാര്‍ദ്ദുല്‍ താക്കൂറില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ച് ഇനിയും ടീമില്‍ തുടരാന്‍ അനുവദിച്ചാല്‍ വലിയ തിരിച്ചടിയാകും ഇന്ത്യ നേരിടുക. അതിനാൽ ഇന്ത്യ മികച്ചൊരു പേസറെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും ഇന്ത്യ കളിപ്പിക്കണം. അല്ലാത്ത പക്ഷം കിവീസിനെതിരേ പരാജയത്തിന് വഴങ്ങേണ്ടി വരും. ബാറ്റിംഗ് നിരയിൽ നായകൻ രോഹിത് ശർമയിലും സൂപ്പർ താരം വിരാട് കോഹ്‌ലിയിലുമാണ് പ്രതീക്ഷ. പനി മാറി മടങ്ങിയെത്തിയെ ശുഭ്മാൻ ഗിൽ ഇതുവരെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയില്ല എന്നതും ഇന്ത്യയുടെ ആശങ്ക ഉയർത്തുന്നു. പാണ്ഡ്യക്ക് പകരം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. എന്നാല്‍ ഇന്നലെ നടന്ന പരിശീലനത്തിനിടെ സൂര്യക്ക് പരിക്കേറ്റതിനാൽ താരത്തിന്റെ പ്രകടനത്തിൽ സംശയമുണ്ട്.
പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലേത്. എന്നാൽ ധരംശാലയിലെ ഔട്ട്‌ഫീല്‍ഡിന് നിലവാരം പോരെന്നും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിമര്‍ശനം വ്യാപകമായി ഉയരുന്നത്. ധരംശാലയില്‍ ഇതിന് മുമ്പ് നടന്ന മത്സരം ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും തമ്മിലായിരുന്നു. മത്സരത്തില്‍ ഭൂരിഭാഗം വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു. അതിനാൽ തന്നെ ഇന്നത്തെ മത്സരം ആർക്കൊപ്പമാണെന്ന പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ഒരിടത്ത് നായകൻ കെയ്ൻ വില്യംസണിന്റെ അഭാവത്തിലും ജയിച്ചു കയറുന്ന കിവീസ് പട, മറുവശത്ത് തുറുപ്പു ചീട്ടായ പാണ്ഡ്യയുടെ പരിക്കിൽ ആശങ്കപ്പെടുന്ന ഇന്ത്യൻ പട. ഇന്നത്തെ ഇന്ത്യ- ന്യൂസിലൻഡ് മത്സരം, അതിനു ഇത്തിരി കടുപ്പം കൂടുതലാണ്.
Read Also:തുടരെയുള്ള വിലക്കുകൾ; പരിക്കേറ്റ താരങ്ങളുടെ അഭാവം, കളിയും കയ്യാങ്കളിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്