കാൻസർ രോഗിയായി അഭിനയം, കൃത്രിമക്കാൽ; വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
കൊല്ലം:
കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച് വിശ്വാസികളെ വഞ്ചിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
മുജീബ് (തിരുവനന്തപുരത്തെ പെരുംമൂട്–പൂവച്ചൽ ബിസ്മില്ലാ ഹൗസ്) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നോമ്പ് നിസ്കാരത്തിനെത്തിയ വിശ്വാസികളിൽ നിന്നാണ് ഇയാൾ ആയിരക്കണക്കിന് രൂപ പിരിച്ചെടുത്തത്.
വായിൽ നിന്ന് നെഞ്ചത്തേക്ക് ട്യൂബ് ഒട്ടിച്ചും, വൈകല്യമില്ലാത്ത കാലിൽ പ്ലാസ്റ്റിക് കാൽ ഘടിപ്പിച്ചുമായിരുന്നു നാടകീയ ഭിക്ഷാടനം.
നിസ്കാരം കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയതിന് പിന്നാലെ, കാലിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇയാൾ നടന്നു പോകുന്നത് പള്ളിയിലെ ഉസ്താദിന്റെ ശ്രദ്ധയിൽപ്പെട്ടു.
ട്യൂബ് വായിൽ നിന്ന് ഇളകിക്കിടക്കുന്നതായി കണ്ടതോടെ സംശയം ശക്തമായി. തുടർന്ന് പള്ളി ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾക്ക് യാതൊരു ശാരീരിക വൈകല്യവും ഇല്ലെന്നും എല്ലാം അഭിനയമാണെന്നും വ്യക്തമായി.
ബാഗ് പരിശോധിച്ചപ്പോൾ പതിനായിരത്തിലധികം രൂപയും, ഗൂഗിൾ പേ അക്കൗണ്ടിൽ ഏകദേശം 12,000 രൂപയും കണ്ടെത്തി.
‘കാൻസർ പേഷ്യന്റായ എന്നെ സഹായിക്കണം’ എന്നെഴുതിയ ബോർഡും ഗൂഗിൾ പേ ക്യൂആർ കോഡും നെഞ്ചത്ത് തൂക്കിയിട്ടായിരുന്നു ഇയാളുടെ യാചന.
ചിലർ 2,000 രൂപ വരെ ഓൺലൈനായി നൽകിയതായും പൊലീസ് കണ്ടെത്തി. ബൈക്കിലും സമാനമായ സ്റ്റിക്കർ പതിപ്പിച്ചിരുന്നതായും വ്യക്തമായി.
വാഹന പരിശോധനകളിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഈ തന്ത്രമെന്നും, രണ്ട് ദിവസം മുൻപ് എംവിഡി പരിശോധനയിൽ നിന്നും ഇതേ രീതിയിൽ രക്ഷപ്പെട്ടതായും പ്രതി മൊഴി നൽകി.
അന്ന് ഉദ്യോഗസ്ഥർ ചേർന്ന് പണം സമാഹരിച്ച് പുതിയ ഹെൽമെറ്റും വാങ്ങി നൽകിയതായും ഇയാൾ പറഞ്ഞു.
പ്രതിയിൽ നിന്ന് വിലകൂടിയ രണ്ട് ആൻഡ്രോയിഡ് ഫോണുകളും പിടിച്ചെടുത്തു. ഫോണിലുണ്ടായിരുന്ന നിരവധി കോൺടാക്ട് നമ്പറുകളിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇതാണ് പ്രധാന വരുമാന മാർഗമെന്നും, ഇതിലൂടെ സ്വന്തമായി വീട്, നാലുചക്ര വാഹനം എന്നിവ സമ്പാദിച്ചതായും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
English Summary
A man who pretended to be a cancer patient and physically disabled to collect alms from devotees was arrested by Kundara police in Kollam district. The accused, Mujeeb, cheated worshippers at Ilamballur Muslim Jama-ath mosque by staging a fake medical condition and using QR code payments. Police recovered cash, digital payments and two mobile phones, and confirmed that the disability was entirely staged.









