മട്ടന്നൂരിൽ ശൈലജ ടീച്ചർക്കും കായംകുളത്ത് പ്രതിഭയ്ക്കും സീറ്റില്ല! അരൂരിലും ആറ്റിങ്ങലിലും പുരുഷ നേതാക്കൾക്കായി വനിതകളെ വെട്ടിമാറ്റി! ഇളവ് മന്ത്രിമാർക്ക് മാത്രം; ഇതാണോ ഇടതുപക്ഷത്തെ സ്ത്രീ പ്രാതിനിധ്യം?
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ കരട് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ വനിതാ നേതാക്കൾക്ക് അനീതി സംഭവിച്ചുവെന്ന വിമർശനം ശക്തമാകുന്നു.
മന്ത്രിസ്ഥാനത്തുള്ള വനിതകളെ ഒഴികെ മറ്റ് പ്രമുഖ വനിതാ എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചെന്നാണു സൂചന.
വിവിധ ജില്ലാ സെക്രട്ടേറിയറ്റുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവരുടെ പേരുകൾ ഒഴിവായതായാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പോലും ഉയർത്തിക്കാട്ടപ്പെട്ടിരുന്ന കെ.കെ. ശൈലജയെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നത് ഏറെ ചർച്ചയാകുന്നു.
മട്ടന്നൂർ മണ്ഡലത്തിൽ മികച്ച പ്രവർത്തനം നടത്തിയിട്ടും ‘രണ്ട് ടേം’ മാനദണ്ഡത്തിൽ ഇളവ് നൽകാത്തത് രാഷ്ട്രീയവൃത്തങ്ങളിൽ ചോദ്യമുയർത്തിയിരിക്കുകയാണ്. അതേസമയം ചില പുരുഷ എംഎൽഎമാർക്ക് ഇളവ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
അരൂരിൽ നിലവിലെ എംഎൽഎയായ ദലീമയെ മാറ്റി തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് വിവരം. ആറ്റിങ്ങലിൽ ഒ.എസ്. അംബികയ്ക്ക് പകരം പി.കെ. ബിജുവിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.
ജില്ലാ നേതൃത്വം അംബികയുടെ പേരാണ് നിർദേശിച്ചിട്ടുള്ളതെന്നും, എന്നാൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കുമെന്നുമാണ് സൂചന.
കായംകുളത്ത് യു. പ്രതിഭയെ ഒഴിവാക്കി സി.എസ്. സുജാതയെ പരിഗണിക്കുന്നതായും വിവരമുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകളും വിമർശനങ്ങളും ഈ തീരുമാനങ്ങളിൽ സ്വാധീനിച്ചോയെന്ന ചർച്ചകളും സജീവമാണ്.
അതേസമയം, മന്ത്രിമാരായ വീണാ ജോർജ് (ആറന്മുള), ആർ. ബിന്ദു (ഇരിങ്ങാലക്കുട) എന്നിവർക്ക് സീറ്റ് ഉറപ്പാണെന്നാണ് സൂചന. നിലവിലുള്ള ഏഴ് സിപിഎം വനിതാ എംഎൽഎമാരിൽ മൂന്ന് പേരെ മാത്രമാണ് നിലനിർത്തുന്നതെന്ന വിലയിരുത്തലും പുറത്തുവരുന്നു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതെല്ലാം പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതുജീവൻ നൽകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
English Summary
The draft candidate list of the CPM for the upcoming Assembly elections has sparked criticism over alleged discrimination against women leaders. Reports suggest that apart from sitting women ministers, several prominent women MLAs, including K.K. Shailaja, U. Prathibha, and Dalima, have been denied tickets. The omission of Shailaja has drawn particular attention. While some male leaders may receive relaxation in the two-term rule, similar consideration was reportedly not extended to certain women MLAs. The developments have triggered debate over women’s representation within the party.
cpim-draft-list-women-mla-controversy
CPIM, Kerala Assembly Election, KK Shailaja, Women MLAs, Kerala Politics, Candidate List Controversy









