ചക്രവർത്തിയെ പറ്റിച്ചു, ജയിലറുടെ മകൾക്ക് കത്തെഴുതി; വാലന്റൈൻ പുണ്യവാളൻ തുടങ്ങിവെച്ച ‘പ്രേമക്കളി’ ഇന്ന് ഉച്ചസ്ഥായിയിൽ!
പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനമാണ് ഫെബ്രുവരി 14. ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന പല പ്രണയങ്ങളും തുറന്നു പറയപ്പെടുന്ന ദിനം കൂടിയാണിത്.
റോസാപ്പൂക്കളും ചോക്ലേറ്റുകളും കൈമാറി, പ്രണയത്തിന്റെ ചുവന്ന വെളിച്ചം തെളിയിച്ച് ലോകമെമ്പാടുമുള്ള പ്രണയികൾ ഈ ദിനം ആഘോഷിക്കുന്നു.
ഫെബ്രുവരി 7ന് ആരംഭിക്കുന്ന റോസ് ഡേ മുതൽ കിസ് ഡേ വരെ നീളുന്ന ആഘോഷവാരത്തിനൊടുവിലാണ് വാലന്റൈൻസ് ഡേ എത്തുന്നത്.
ഓരോ വർഷവും വ്യത്യസ്തമായ രീതിയിൽ, കൂടുതൽ നിറങ്ങളോടെ പ്രണയദിനം ആഘോഷിക്കപ്പെടുന്നു. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ വാലന്റൈൻസ് ഡേ ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട് അധികകാലമല്ലെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.
വാലന്റൈൻസ് ഡേയുടെ ചരിത്രം
വാലന്റൈൻസ് ഡേയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് പുരാതന റോമൻ ഉത്സവമായ ലൂപർകാലിയയുമായി ബന്ധപ്പെട്ടു പറയുന്നതാണ്. വസന്തകാലത്തിന്റെ വരവ് ആഘോഷിക്കാൻ ഫെബ്രുവരി മധ്യത്തിൽ ഈ ചടങ്ങ് നടന്നിരുന്നു.
പിന്നീട് ക്രൈസ്തവ സഭ ഈ ആഘോഷത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ, അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം പോപ്പ് ഗെലാസിയസ് ഒന്നാമൻ ഫെബ്രുവരി 14-നെ വിശുദ്ധ ദിനമായി പ്രഖ്യാപിച്ചു.
ഇതോടെയാണ് ഈ ദിനം സെന്റ് വാലന്റൈൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ ഏറെക്കാലത്തിന് ശേഷമാണ് ഈ ദിനം പ്രണയദിനമായി മാറുന്നത്.
ആരാണ് സെന്റ് വാലന്റൈൻ?
റോമൻ ചക്രവർത്തിയായ ക്ലോഡിയസ് രണ്ടാമൻ ഭരിച്ചിരുന്ന കാലത്ത് വാലന്റൈൻ കത്തോലിക്ക സഭയിലെ ഒരു ബിഷപ്പായിരുന്നു. വിവാഹം കഴിച്ചാൽ യുവാക്കൾ യുദ്ധത്തിൽ ആത്മാർത്ഥത കാണിക്കില്ലെന്ന ചിന്തയിൽ ചക്രവർത്തി വിവാഹം നിരോധിച്ചു.
എന്നാൽ പരസ്പരം സ്‌നേഹിച്ചിരുന്നവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ ബിഷപ്പ് വാലന്റൈൻ തയ്യാറായി. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിലടച്ചു. ജയിലിൽ കഴിയുമ്പോൾ, ജയിൽ ഉദ്യോഗസ്ഥന്റെ കാഴ്ചയില്ലാത്ത മകളുമായി വാലന്റൈൻ അടുപ്പത്തിലായെന്നും, പിന്നീട് അവൾക്ക് കാഴ്ച ലഭിച്ചുവെന്നുമുള്ള കഥകളും പ്രചരിക്കുന്നു.
ഈ സംഭവങ്ങളെത്തുടർന്ന് വാലന്റൈനെ വധിക്കാൻ ഉത്തരവുണ്ടായി. വധശിക്ഷയ്ക്ക് മുൻപ് ആ പെൺകുട്ടിക്ക് “From your Valentine” എന്ന കുറിപ്പെഴുതി നൽകിയതായും പറയുന്നു.
പിന്നീട് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 വാലന്റൈൻസ് ദിനമായി ആഘോഷിക്കപ്പെടാൻ തുടങ്ങിയതാണെന്നുമാണ് വിശ്വാസം. 14-ാം നൂറ്റാണ്ടോടെയാണ് ഈ ദിനം പ്രണയദിനമായി വ്യാപകമായി അറിയപ്പെടാൻ തുടങ്ങിയത്.
പ്രണയത്തിന്റെ ചിഹ്നം
റോമൻ പുരാണങ്ങളിൽ പ്രണയത്തിന്റെ ദൂതനായി കണക്കാക്കപ്പെടുന്ന ക്യുപിഡ് ഹൃദയങ്ങളെ തുളച്ചുകയറുന്ന അമ്പും വില്ലുമായി ചിത്രീകരിക്കപ്പെടുന്നു.
കാലക്രമേണ ക്യുപിഡ് വാലന്റൈൻസ് ദിനത്തിന്റെ ഏറ്റവും ജനപ്രിയമായ ചിഹ്നങ്ങളിലൊന്നായി മാറി.
ചോസറിന്റെ കവിതയും വാലന്റൈൻസ് ഡേയും
14-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി ജെഫ്രി ചോസർ രചിച്ച Parliament of Fowls എന്ന കവിതയിലാണ് ആദ്യമായി വാലന്റൈൻസ് ഡേയെ പ്രണയവുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്നതെന്ന് കരുതപ്പെടുന്നത്.
വസന്തകാലാരംഭത്തിൽ പക്ഷികൾ തങ്ങളുടെ ഇണകളെ കണ്ടെത്താൻ സെന്റ് വാലന്റൈൻസ് ദിനത്തിൽ ഒത്തുചേരുന്നതായി കവിതയിൽ പറയുന്നുണ്ട്.
English Summary
Valentine’s Day, celebrated on February 14, is observed worldwide as a day of love beyond age and boundaries.
valentines-day-history-saint-valentine-origin-february-14
Valentine’s Day, Saint Valentine, Pope Gelasius I, Claudius II, Geoffrey Chaucer, Parliament of Fowls, Cupid, love day history, February 14, romance history









