നാലാളിന്റെ നീളം! ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ്
ഇന്തോനേഷ്യയിലെ മാരോസ് മേഖലയിൽ കണ്ടെത്തിയ ഭീമൻ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പായ ‘ഇബു ബാരൺ’ ഔദ്യോഗികമായി അളന്ന കാട്ടുപാമ്പുകളിൽ ലോകത്തിലെ ഏറ്റവും നീളമേറിയതെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.
23 അടി 8 ഇഞ്ച് നീളമുള്ള ഈ പെൺപാമ്പ് നിലവിൽ വന്യജീവി സംരക്ഷകൻ ബുഡി പുർവാന്തോ, പാമ്പുപിടുത്ത വിദഗ്ധൻ ഡയസ് നുഗ്രാഹ, വന്യജീവി ഫോട്ടോഗ്രാഫർ റാഡു ഫ്രെന്റിയു എന്നിവരുടെ സംരക്ഷണത്തിലാണ്. ‘പ്രഭ്വി’ എന്ന അർഥമുള്ള ‘ഇബു ബാരൺ’ എന്ന പേരും ഇവരാണ് നൽകിയിരിക്കുന്നത്.
റെറ്റിക്കുലേറ്റഡ് പൈതൺ ഭൂമിയിലെ ഏറ്റവും വിസ്മയകരമായ പാമ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പും ഏറ്റവും നീളം കൂടിയ ഉരഗവുമെന്ന വിശേഷണങ്ങൾ ഇതിനാണ്. ഭാരം കണക്കിലെടുത്താൽ ഗ്രീൻ അനക്കോണ്ടക്കും ബർമീസ് പൈതണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ്.
സാധാരണയായി പ്രായപൂർത്തിയായ റെറ്റിക്കുലേറ്റഡ് പൈതണുകൾക്ക് 9 അടി 10 ഇഞ്ച് മുതൽ 19 അടി 2 ഇഞ്ച് വരെ നീളം കാണപ്പെടുന്നു. കൂട്ടിലിട്ട് വളർത്തുന്നവയ്ക്ക് ഇതിലും കൂടുതലായി വളരാം.
മുമ്പ് ‘മെഡൂസ’ എന്ന പേരിലുള്ള ഒരു വളർത്തുപാമ്പ് 25 അടിയിലധികം നീളം കൈവരിച്ചിരുന്നു.
വിഷമില്ലാത്ത ഈ പെരുമ്പാമ്പുകൾ പ്രധാനമായും തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ബംഗ്ലദേശ്, ഇന്ത്യ മുതൽ മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് വരെ വ്യാപകമായി ഇവയുടെ സാന്നിധ്യമുണ്ട്.
ശരീരത്തിലെ വലക്കണ്ണികളെ ഓർമ്മിപ്പിക്കുന്ന സങ്കീർണ രൂപങ്ങളാണ് ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നത്.
തവിട്ട്, സ്വർണ്ണനിറം, കറുപ്പ്, ചിലപ്പോൾ ചുവപ്പിന്റെ താളം കലർന്ന നിറങ്ങൾ ചേർന്ന ജ്യാമിതീയ രൂപങ്ങൾ ശരീരത്തിലാകെ കാണാം.
ത്രികോണാകൃതിയിലുള്ള തല, മിനുസമുള്ള ശൽക്കങ്ങൾ, കുറഞ്ഞ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കുത്തനെയുള്ള കൃഷ്ണമണികൾ എന്നിവയും പ്രത്യേകതകളാണ്.
ഉഷ്ണമേഖലാ മഴക്കാടുകൾ, തണ്ണീർത്തടങ്ങൾ, പുൽമേടുകൾ, ജലാശയങ്ങൾക്കടുത്തുള്ള വനപ്രദേശങ്ങൾ എന്നിവയാണ് ഇവയുടെ ആവാസവ്യവസ്ഥ. മികച്ച നീന്തൽക്കാരായ ഇവ ചിലപ്പോൾ കടൽമാർഗം ദൂരെയുള്ള ദ്വീപുകളിലേക്കും സഞ്ചരിക്കാറുണ്ട്.
പ്രധാനമായും രാത്രിയിലാണ് ഇരതേടൽ. ഒറ്റയ്ക്കാണ് സഞ്ചാരം. ഇരയെ പതിയിരുന്ന് ആക്രമിച്ച് ശക്തമായി വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നശേഷം മുഴുവൻ വിഴുങ്ങുകയാണ് രീതി.
എലികൾ, പന്നികൾ, മാൻ, കുരങ്ങൻ എന്നിവയാണ് പ്രധാന ആഹാരം. ചിലപ്പോൾ സൺ ബെയർ പോലുള്ള വലിയ മൃഗങ്ങളെയും ഇരയാക്കാറുണ്ട്.
സാധാരണയായി മനുഷ്യരെ ഒഴിവാക്കുന്നതാണ് ഇവയുടെ സ്വഭാവം. എന്നാൽ അപൂർവമായി മനുഷ്യരെ ആക്രമിച്ച സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
English Summary
A massive female reticulated python named Ibu Baron, discovered in Indonesia’s Maros region, has been officially recognized by Guinness World Records as the longest wild snake ever measured at 23 feet 8 inches. Reticulated pythons are the longest snakes in the world and are native to South and Southeast Asia. Though non-venomous, they are powerful constrictors capable of taking down large prey. While they usually avoid humans, rare attacks have been reported.
longest-wild-snake-ibu-baron-guinness-record
Reticulated Python, Ibu Baron, Indonesia, Guinness World Records, Longest Snake, Wildlife, Southeast Asia, Python Species, Wild Snake, Nature News









