യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട
തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ ഇടപാടുകൾ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ മുഖേന മാത്രമേ നടത്താവൂവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. എച്ച്. നാഗരാജു അറിയിച്ചു.
നിലവിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ വിപണിയിൽ സജീവമാണെന്നും ഇവരുമായി നടത്തുന്ന ഇടപാടുകൾ തട്ടിപ്പുകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..
ഒരു വാഹനം വിൽക്കുന്ന സാഹചര്യത്തിൽ, പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് കാർ ഡീലറിലേക്കും പിന്നീട് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അധികാരമുള്ളത് അംഗീകൃത ഡീലർമാർക്ക് മാത്രമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി.
വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതെ തുടരുന്നത് ഗുരുതരമായ അപകടമാണെന്നും, അത്തരത്തിൽ ആ വാഹനം ഉപയോഗിച്ച് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചെലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമ നിയമപരമായി ഉത്തരവാദിയാകേണ്ടിവരുമെന്നും അറിയിച്ചു.
വ്യക്തികൾ തമ്മിൽ നേരിട്ട് ഇടപാടുകൾ നടത്തുമ്പോൾ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, നികുതി തുടങ്ങിയ രേഖകൾ ശരിയാണെന്നും ഉടമസ്ഥാവകാശം ഉടൻ കൈമാറപ്പെടുന്നുണ്ടെന്നും ഉറപ്പാക്കണം.
പൊതുജനങ്ങൾ അവരുടെ വാഹനം യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോഴും വാങ്ങുമ്പോഴും, ഫോം 29B പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഡീലർക്കുണ്ടെന്നത് നിർബന്ധമായി പരിശോധിക്കണം.
കൂടാതെ വാഹൻ പോർട്ടൽ വഴി ഫോം 29C ഉപയോഗിച്ച് വാഹനത്തിന്റെ ഉടമസ്ഥാവകാശം താൽക്കാലികമായി പ്രസ്തുത ഡീലറിലേക്ക് കൈമാറണമെന്നും നിർദേശിച്ചു.
വാഹനം വാങ്ങുന്നതിനും വിൽക്കുന്നതിനും മുമ്പായി ബന്ധപ്പെട്ട ഡീലർക്കു മേട്ടോർ വാഹന വകുപ്പ് നൽകിയ സാധുവായ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. അംഗീകൃത ഡീലർമാരുടെ പട്ടിക മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ mvd.kerala.gov.in ൽ ലഭ്യമാണെന്നും അറിയിച്ചു.
English Summary
The Kerala Transport Commissioner has announced that used vehicles should be bought and sold only through authorised used-car dealers. He warned that many unauthorised dealers are operating in the market, leading to possible fraud. Only authorised dealers are legally permitted to transfer vehicle ownership from the previous owner to the buyer. If ownership is not properly transferred, the previous owner may remain legally liable for offences, fines and accidents. Buyers and sellers are advised to verify dealer authorisation certificates and complete ownership transfer through the Vahan portal.
used-vehicles-must-be-bought-through-authorised-dealers-kerala-transport-commissioner
used vehicles, authorised dealers, Kerala transport department, vehicle ownership transfer, second hand car rules, motor vehicles department, Vahan portal, Form 29B, Form 29C









