എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ..
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അസഹ്യമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
രാത്രിയിൽ നേരിയ തണുപ്പും പകൽ കടുത്ത ചൂടുമാണ് നിലവിലെ കാലാവസ്ഥാ സ്ഥിതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പകൽ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്.
സാധാരണ വേനൽക്കാലത്ത് മാത്രം അനുഭവപ്പെടാറുള്ള ശക്തമായ ചൂടാണ് ഇപ്പോൾ തന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിലൊന്നാണ് കഴിഞ്ഞ ദിവസം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. ഇവിടെ 37 ഡിഗ്രി സെൽഷ്യസ് താപനിലയാണ് റിപ്പോർട്ട് ചെയ്തത്.
വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കൂടുതൽ അസഹ്യമാകാൻ പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ഉയർന്ന ഈർപ്പനില മൂലം അനുഭവപ്പെടുന്ന ചൂട് സാധാരണ താപനിലയെക്കാൾ അഞ്ച് ഡിഗ്രി വരെ കൂടുതലാകാൻ സാധ്യതയുണ്ട്.
സമുദ്രജലത്തിന്റെ താപനില ഉയരുന്നതിനെ തുടർന്ന് രൂപപ്പെടുന്ന ‘എൽനിനോ’ പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടാൻ കാരണം.
കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞതും തീരദേശ മേഖലകളിൽ പോലും ചൂട് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം.
പകൽ സമയത്ത് നിർജലീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഒഴിവാക്കണം.
വിദ്യാർത്ഥികൾക്ക് ശക്തമായ വെയിൽ നേരിട്ട് ഏൽക്കുന്ന അസംബ്ലികൾ ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം.
നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും തുറന്ന വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
English Summary
Kerala is witnessing a sharp rise in daytime temperatures, prompting the State Disaster Management Authority to issue a heat advisory. Day temperatures have increased by 2 to 4°C in recent days, with Kannur airport recording 37°C. High humidity and the El Niño phenomenon are cited as major reasons for the severe heat and dry conditions. Authorities have advised people to avoid direct sun exposure between 11 am and 3 pm, stay hydrated, reschedule outdoor work, and take special precautions for students, workers and livestock.
kerala-heatwave-alert-disaster-management-authority-issues-advisory
Kerala heatwave, weather alert, disaster management authority, high temperature, humidity, El Nino, Kannur temperature, public advisory, summer safety tips









