സ്പാ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം: മറ്റൊരു സ്പായുടെ ‘ക്വട്ടേഷൻ’; മരണ സുബിനടക്കം ആറ് പേർ പിടിയിൽ
പത്തനംതിട്ട: സ്പാ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക വെളിപ്പെടുത്തലുമായി സ്പാ ഉടമ. സംഭവം ഗുണ്ടാപിരിവുമായി ബന്ധപ്പെട്ടതല്ലെന്നും, മറ്റൊരു സ്പായുടെ ‘ക്വട്ടേഷൻ’ ആക്രമണമാണെന്നുമാണ് ഉടമയുടെ ആരോപണം.
ആക്രമികൾ സ്പായിൽ എത്തിയതിന് പിന്നാലെ തന്നെ ഇത് ക്വട്ടേഷനാണെന്ന് തുറന്നുപറഞ്ഞതായി ഉടമ വ്യക്തമാക്കി. ആറംഗ സംഘം 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചതോടെയാണ് ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പരാതി.
ഒന്നാം പ്രതിയായ സുബിൻ അലക്‌സാണ്ടർ (മരണ സുബിൻ) യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവസമയത്ത് സ്പായിലുണ്ടായിരുന്ന മറ്റൊരു യുവതിയെയും സംഘം ഭീഷണിപ്പെടുത്തി പണം കവർന്നതായും പരാതിയിൽ പറയുന്നു.
തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ കാപ്പ കേസ് പ്രതിയും സംഘവും ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിലായി.
കേസിലെ പ്രധാന പ്രതിയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെയാണ് മറ്റ് പ്രതികളെയും പിടികൂടിയതായ വിവരം പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതി സുബിൻ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പ നിയമം ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കാപ്പ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കൽ അനുഭവിച്ച ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയിട്ടും കുറ്റകൃത്യങ്ങൾ തുടരുന്നതിനെ തുടർന്നാണ് കടുത്ത നടപടി പരിഗണിക്കുന്നത്.
അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഇടപെടലിനെതിരെയും വിമർശനം ശക്തമാണ്. ഒന്നാം തീയതി നടന്ന സംഭവത്തിൽ രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന ആരോപണത്തെ തുടർന്ന് പൊലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്.
സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്നതായും ചില ഉദ്യോഗസ്ഥർ ഇത്തരം കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകരാണെന്നുമുള്ള ആരോപണങ്ങളും ആഭ്യന്തര അന്വേഷണത്തിൽ പരിശോധിക്കുന്നതായി സൂചനയുണ്ട്.
English Summary
Six people have been arrested in connection with the sexual assault of a spa employee in Thiruvalla, Pathanamthitta. The prime accused, KAAPA case offender Subin Alexander Chacko, along with Berlin Das, was arrested earlier, and more arrests are expected. Police have initiated steps to reimpose the KAAPA Act on Subin due to repeated criminal activities. An internal police inquiry has also been launched following criticism over delays in registering the case and allegations of police–gang nexus.
thiruvalla-spa-employee-sexual-assault-six-arrested-kaapa-inquiry
Thiruvalla, spa assault case, KAAPA Act, Subin Alexander Chacko, sexual assault, Pathanamthitta news, Kerala police, internal inquiry









