‘കോളിങ് ബെൽ’ കേട്ട് വാതിൽ തുറന്നില്ല… നോക്കുമ്പോൾ ഒരു കൊച്ചുകുട്ടി…പെരുമ്പാവൂരിലെ സംഭവം ഒരു പാഠമാണ്…പ്രത്യേകിച്ച് നിധിശേഖരമുള്ളവർക്ക്
‘കോളിങ് ബെൽ’ കേട്ട് വാതിൽ തുറന്നില്ല… നോക്കുമ്പോൾ ഒരു കൊച്ചുകുട്ടി…പെരുമ്പാവൂരിലെ സംഭവം ഒരു പാഠമാണ്…പ്രത്യേകിച്ച് നിധിശേഖരമുള്ളവർക്ക്
സ്വർണവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിലെ വീടുകൾ തന്നെ “ചെറിയ നിധിശേഖരമുള്ള ലോക്കറുകൾ” ആയി മാറുകയാണെന്ന് സുരക്ഷാ വിദഗ്‌ധരും പൊലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നു.
വീടുകളിലും ബാങ്ക് ലോക്കറുകളിലുമായി വൻതോതിൽ സ്വർണം സൂക്ഷിക്കുന്ന സംസ്ഥാനത്ത്, കുടുംബസമേതം വീടുപൂട്ടി യാത്ര പോകുന്നവരുടെ എണ്ണം കൂടുന്നതോടെ മോഷണ സാധ്യതയും ഉയരുകയാണ്.
അതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് നിർദേശം.
മുൻകരുതലുകൾ സ്വീകരിക്കാം
കുഞ്ഞുങ്ങളെ സ്വർണം അണിയിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം.
പ്രതിരോധിക്കാൻ കഴിയാത്തതിനാൽ മോഷ്ടാക്കൾക്ക് ഇത് എളുപ്പമാകുകയും മാല പൊട്ടിക്കുമ്പോൾ ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യതയും ഉണ്ടാകും.
വീടിൽ ആളില്ലെന്ന പ്രതീതി സൃഷ്ടിക്കരുത്. അയൽവാസികളുമായി സഹകരണം ഉറപ്പാക്കുക. വീടുപൂട്ടി പോകുമ്പോൾ കഴിയുമെങ്കിൽ ഒരു താക്കോൽ വിശ്വസ്തനായ അയൽവാസിക്ക് നൽകുക.
രാത്രിയിൽ തെളിയിച്ച ലൈറ്റുകൾ ഓഫ് ചെയ്യുക, ഗേറ്റിലോ വാതിലിലോ കിടക്കുന്ന പത്രങ്ങൾ മാറ്റിവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ അവരോട് പറയാം.
കുറച്ച് ദിവസത്തേക്ക് ദൂരയാത്ര പോകുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. സ്റ്റേഷനിലെത്താൻ ബുദ്ധിമുട്ടാണെങ്കിൽ പൊലീസ് ആപ്പിലെ (Pol App) Locked House വിഭാഗത്തിലൂടെ വീട്ടുവിവരങ്ങൾ നൽകാം.
സ്വർണം കുറവാണെങ്കിൽ ഇലക്ട്രോണിക് ലോക്കർ വാങ്ങി അതിൽ സൂക്ഷിക്കുക. സ്വർണം കൂടുതലാണെങ്കിൽ ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം.
പിൻവശത്തെ വാതിൽ, ബാത്ത്റൂം വെന്റിലേറ്റർ തുടങ്ങിയ ഭാഗങ്ങൾ മോഷ്ടാക്കൾ സാധാരണയായി ലക്ഷ്യമിടുന്ന ഇടങ്ങളാണ്. ഇവിടങ്ങളിൽ ഗ്രിൽ സ്ഥാപിച്ച് അധികസുരക്ഷ ഒരുക്കണം.
വീട്ടിലെ സുരക്ഷ കൂട്ടുക. സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രം പോര; കൃത്യമായ മെയിന്റനൻസും ഉറപ്പാക്കണം.
ഒരു സംഭവകഥ: ‘കോളിങ് ബെൽ’ കേട്ട് വാതിൽ തുറന്നില്ല… അതാണ് രക്ഷയായത്
പെരുമ്പാവൂരിനും ആലുവയ്ക്കുമിടയിലെ ചെമ്പറക്കി പ്രദേശത്ത് അർധരാത്രിയോടെ വീട്ടുകാർ ഉറക്കത്തിനിടെ കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു.
തുടർച്ചയായല്ലാതെ ഇടയ്ക്കിടെയാണ് ബെൽ മുഴങ്ങിയത്. സംശയം തോന്നിയ ഗൃഹനാഥൻ നേരിട്ട് വാതിൽ തുറക്കാതെ പീപ്പ് ഹോളിലൂടെ നോക്കിയപ്പോൾ അഞ്ചുവയസിൽ താഴെയുള്ള ഒരു കുഞ്ഞ് ബെൽ അടിക്കുന്നതാണ് കണ്ടത്. സമയം രാത്രി പന്ത്രണ്ടര.
ഇത് അസാധാരണമായി തോന്നിയതിനാൽ വീട്ടുകാരൻ മുറിക്കുള്ളിലേക്ക് മാറി വാതിൽ ഭദ്രമായി പൂട്ടി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സിറ്റൗട്ടിൽ ഒരാൾ കിടക്കുന്നതും സമീപത്ത് കുഞ്ഞ് നടക്കുകയും ബെൽ അടിക്കുകയും ചെയ്യുന്നതും കണ്ടു.
ഉടൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. “കുറഞ്ഞ സമയത്തിനുള്ളിൽ എത്താം” എന്ന മറുപടി ലഭിച്ചതോടെ വീട്ടുകാർ ആശ്വാസപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി ടോർച്ചടിച്ച് സാന്നിധ്യമറിയിച്ച് വീട്ടുകാരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോഴാണ് ട്വിസ്റ്റ്—സിറ്റൗട്ടിൽ കിടന്നത് ഏകദേശം 30 വയസുള്ള ഒരു സ്ത്രീ.
സമീപത്ത് കുഞ്ഞും ഉറങ്ങുകയായിരുന്നു. വിളിച്ചിട്ടും ഉണരാത്ത സ്ത്രീ മുഖത്ത് വെള്ളമൊഴിച്ചതോടെ കണ്ണുതുറന്നു.
ചോദ്യംചെയ്തപ്പോൾ സമീപത്തെ കോൺക്രീറ്റ് ഇഷ്ടികകമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളിയാണെന്നും ഭർത്താവിനോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയതാണെന്നും പറഞ്ഞു.
മദ്യപിച്ച നിലയിലായിരുന്നു സ്ത്രീ. പിന്നീട് ഇഷ്ടികകമ്പനി ഉടമയെ വിളിച്ചുവരുത്തി സ്ത്രീയെയും കുഞ്ഞിനെയും ഭർത്താവിനൊപ്പം പറഞ്ഞയച്ചപ്പോഴേക്കും പുലർച്ചെ രണ്ടരയായിരുന്നു.
അടുത്ത ദിവസം പത്രത്തിൽ ആലപ്പുഴ മണ്ണഞ്ചേരിയിൽ കുറുവാസംഘം മാലപൊട്ടിച്ച വാർത്തയും, തുടർന്ന് എറണാകുളം പറവൂരിലും സമാനസംഭവവും റിപ്പോർട്ട് ചെയ്തതോടെ വീട്ടുകാർക്ക് കൂടുതൽ ഭയം തോന്നി.
ചെമ്പറക്കിയിൽ അനിഷ്ടം ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം മാത്രമല്ല, വീട്ടുകാർ സ്വീകരിച്ച ജാഗ്രതയുമാണെന്ന് നാട്ടുകാർ പറയുന്നു.
രാത്രി സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ…
വീടിന് പുറത്ത് പതിവില്ലാത്ത സംഭവങ്ങൾ ശ്രദ്ധിക്കണം.
കുട്ടികളുടെ കരച്ചിൽ, ടാപ്പിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം, വീടിന് ചുറ്റും നടക്കുന്ന ശബ്ദം തുടങ്ങിയവ അസാധാരണമായി തോന്നിയാൽ ഒരുകാരണവശാലും വീടിന്റെ വാതിൽ തുറക്കരുത് (മുകളിലത്തെ വാതിൽ പോലും).
ചെയ്യേണ്ടത്
വീടിന് പുറത്തെ വിളക്കുകൾ തെളിക്കുക
അയൽവാസികളെ വിളിച്ച് വീടിന് ചുറ്റും ശ്രദ്ധിക്കാൻ പറയുക
പൊലീസിന്റെ ടോൾഫ്രീ നമ്പർ 112 ൽ വിളിക്കുക
വിളിക്കുമ്പോൾ വീടിന്റെ കൃത്യമായ ലൊക്കേഷൻ വ്യക്തമാക്കുക
നിങ്ങളുടെ പരിധിയിലെ പൊലീസ് സ്റ്റേഷൻ ഏതാണ് എന്ന് മുൻകൂട്ടി മനസ്സിലാക്കി വയ്ക്കുക
ഭയം വേണ്ട, ജാഗ്രത മതി. അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ: 112.
English Summary
With gold prices rising, Kerala homes hold significant gold valuables, increasing theft risks especially when families travel and lock houses. Police advise precautionary steps like avoiding gold on children, ensuring neighbor cooperation, informing police/using Pol App Locked House option, improving home security (grills/CCTV maintenance), and never opening doors during suspicious night incidents. In emergencies, call 112.
kerala-home-security-gold-theft-precautions-112
Kerala, Gold theft, Home security, Police advisory, Locked house, Pol App, CCTV, Theft prevention, 112 emergency, Safety tips









