രണ്ടായിരം രൂപ കൈക്കൂലി; സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും
കൊല്ലം: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം വിട്ടുകിട്ടാനും എഫ്.ഐ.ആറിന്റെ പകർപ്പ് നൽകാനും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ടയേഡ് സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ മുൻ എസ്.ഐയായിരുന്ന ചാത്തന്നൂർ മീനാട് കമലാസദനത്തിൽ ആർ. മോഹനനെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി. എസ്. മോഹിത് ശിക്ഷിച്ചത്.
2015-ൽ നടന്ന സംഭവത്തിലാണ് കേസ്. അപകടത്തിൽപ്പെട്ട ബൈക്ക് വിട്ടുനൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈക്ക് ഉടമ വിജിലൻസിന് പരാതി നൽകി.
തുടർന്ന് പരാതിക്കാരനിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ആർ. മോഹനനെ കൈയോടെ പിടികൂടിയത്.
കൈക്കൂലി വാങ്ങിയ കുറ്റത്തിന് മൂന്ന് വർഷം സാധാരണ തടവും 10,000 രൂപ പിഴയും, കൃത്യവിലോപം കാട്ടിയതിന് നാല് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ട് തടവുശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
കൊല്ലം വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ളയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് അന്വേഷിച്ച ഡിവൈ.എസ്.പി അശോക് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജുരാജൻ ഹാജരായി. വിധി പ്രഖ്യാപനത്തിന് പിന്നാലെ ആർ. മോഹനനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
English Summary
A retired sub-inspector in Kollam was sentenced to seven years in prison and fined ₹20,000 for accepting a bribe of ₹2,000 to release a seized two-wheeler and provide a copy of the FIR.
kollam-retired-si-bribery-case-seven-years-jail
Kollam, vigilance court, bribery case, retired SI, Kerala police, corruption, FIR copy, two wheeler accident, Kerala news









