മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്
ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ വ്യാഴാഴ്ച പുലർച്ചെ രേഖപ്പെടുത്തി.
സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. താപനില താഴ്ന്നതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ രൂപപ്പെട്ടു.
സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ ഡിസംബർ 13-ന് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിനുശേഷം താപനില ക്രമേണ വർദ്ധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന.
ഇതിനിടെ പള്ളിവാസലിൽ വിനോദസഞ്ചാരികളും ടാക്‌സി ഡ്രൈവർമാരും തമ്മിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 സഞ്ചാരികൾക്കെതിരെ പോലീസ് കേസെടുത്തു.
സഞ്ചാരികൾ സംഘചേർന്ന് ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർക്കെതിരെ വെള്ളത്തൂവൽ പോലീസ് കേസെടുത്തത്.
ആക്രമണത്തിനിടയിൽ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞുപോയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശത്തെ ടാക്‌സി ഡ്രൈവർമാരും ടൂറിസ്റ്റ് ഗൈഡുകളുമായ 20 പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഞായറാഴ്ചയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ പള്ളിവാസൽ രണ്ടാംമൈലിൽ വച്ച് സംഘർഷമുണ്ടായത്. പ്രദേശത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന് സഞ്ചാരികൾ ചിത്രം പകർത്തിയിരുന്നു.
ജീപ്പ് ഡ്രൈവർ ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. വിനോദസഞ്ചാരികളെ ഡ്രൈവർമാർ ആക്രമിച്ചു എന്ന രീതിയിൽ ആദ്യദിവസം വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതേ തുടർന്നാണ് പോലീസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തത്. എന്നാൽ സഞ്ചാരികൾ കൂട്ടംചേർന്ന് ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇപ്പോൾ സഞ്ചാരികൾക്കെതിരെ കേസെടുത്തിരിക്കുന്നത് . സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റിരുന്നു.









