പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം
ലണ്ടൻ: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രഭുസഭ (House of Lords) അംഗീകാരം നൽകി.
150നെതിരെ 261 വോട്ടുകൾക്കാണ് ഈ നിർദ്ദേശം പാസായത്. സ്കൂൾ ബിൽ പരിഷ്കരണ നിയമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭേദഗതിയിലാണ് പ്രഭുസഭ ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
എന്നാൽ പ്രഭുസഭ അംഗീകരിച്ച നിർദ്ദേശം ഹൗസ് ഓഫ് കോമൺസിൽ (House of Commons) തള്ളപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നിരുന്നാലും, ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ തന്നെ 61 എംപിമാർ സമാനമായ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത് വിഷയത്തെ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
ഈ നീക്കം സർക്കാരിന് മേൽ അധിക സമ്മർദ്ദം സൃഷ്ടിക്കുമെന്നതാണ് വിലയിരുത്തൽ. മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം അനിവാര്യമാണെന്ന നിലപാടിലാണ്.
ഇവർക്കൊപ്പം ഭരണകക്ഷിയിലെ തന്നെ നല്ലൊരു ശതമാനം എംപിമാരുടെ പിന്തുണയും ലഭിക്കുന്ന സാഹചര്യത്തിൽ, അന്തിമ തീരുമാനം സർക്കാരിന്റെ നിലവിലെ നിലപാടിന് വിരുദ്ധമായാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിലും പഠനത്തിലുമുള്ള പ്രതികൂല സ്വാധീനങ്ങൾ കണക്കിലെടുത്താണ് ഈ ആവശ്യം ശക്തമാകുന്നത്.
അമിതമായ സ്ക്രീൻ ഉപയോഗം, ഓൺലൈൻ അതിക്രമങ്ങൾ, തെറ്റായ ഉള്ളടക്കങ്ങളിലേക്കുള്ള എളുപ്പമുള്ള പ്രവേശനം എന്നിവ കുട്ടികൾക്ക് വലിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ വിഷയം തുറന്ന മനസ്സോടെ ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഉടൻ തന്നെ സമ്പൂർണ നിരോധനത്തിലേക്ക് സർക്കാർ നീങ്ങില്ലെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.
അതിനാൽ തന്നെ ഹൗസ് ഓഫ് ലോർഡ്സ് പാസാക്കിയ നിർദ്ദേശം നിയമമായി മാറാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ കുറവാണെന്നും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ലേബർ പാർട്ടിയിലെ 61 എംപിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഓസ്ട്രേലിയ ഡിസംബറിൽ നടപ്പാക്കിയ നിയമത്തിന് സമാനമായ രീതിയിൽ ബ്രിട്ടനിലും നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ടു.
ഡെന്മാർക്ക്, ഫ്രാൻസ്, നോർവേ, ന്യൂസീലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണത്തിന് തയ്യാറെടുക്കുകയാണെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
ഇതോടെ വിഷയം ബ്രിട്ടനിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയാണ്.









