ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ∙ ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്ത് ദുഃഖവും ഞെട്ടലും സൃഷ്ടിച്ചു. ആറ്റിങ്ങൽ മുദാക്കൽ സ്വദേശിയായ സിദ്ധാർഥ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു സിദ്ധാർഥ്.
കിടപ്പുമുറിയിലാണ് സിദ്ധാർഥിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ശേഷം സ്വന്തം മുറിയിൽ കയറി കിടന്ന സിദ്ധാർഥ് രാവിലെ ഏറെ കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ സംശയപ്പെട്ടു.
പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാത്തതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാരുമായുണ്ടായ തർക്കത്തെ തുടർന്ന് മാനസിക വിഷമത്തിലായാണ് സിദ്ധാർഥ് ആത്മഹത്യ ചെയ്തതെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, തലസ്ഥാന നഗരിയിൽ മറ്റൊരു വിദ്യാർഥിനിയുടെ മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തെ വലിയമല പ്രദേശത്താണ് സ്‌കൂൾ വിദ്യാർഥിനിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
പെരിന്തൽമണ്ണ സ്വദേശിനിയായ 16 കാരി വിഷ്ണു വർഷയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.
വലിയമലയിലെ വീട്ടിനകത്തെ കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടുത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണ്.









