പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ
കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് കണ്ടത്തറയിലെ ഭായി കോളനി.
കഞ്ചാവ്, ഹെറോയിൻ, രാസലഹരികൾ തുടങ്ങിയ മയക്കുമരുന്നുകൾ ഇവിടെ സുലഭമാണെന്നും പകൽ സമയങ്ങളിൽ പോലും പൊതുനിരത്തിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
ആദ്യം ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ പോലും ലഹരി തേടി ഇവിടേക്ക് എത്തുന്ന സാഹചര്യമുണ്ടായി.
ഇതോടെ പ്രദേശം ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നാണ് നാട്ടുകാരുടെ ആരോപണം.
പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും അറിയപ്പെടുന്ന പ്രദേശത്ത് നാട്ടുകാർ ഇത്തരത്തിൽ ഒരു ബോർഡ് വയ്‌ക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.
“കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും” എന്ന മുന്നറിയിപ്പോടെയുള്ള ബോർഡ്, വർഷങ്ങളായി നിയന്ത്രണമില്ലാതെ തുടരുന്ന ലഹരി–വേശ്യാവൃത്തി പ്രവർത്തനങ്ങൾക്കെതിരായ നാട്ടുകാരുടെ പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്.
പോലീസും എക്സൈസും ഇടയ്ക്കിടെ പരിശോധന നടത്തി ലഹരി വസ്തുക്കൾ പിടികൂടുന്നുണ്ടെങ്കിലും, എത്തുന്ന ലഹരിയുടെ അളവ് അതിലുമേറെ ആണെന്ന് പറയപ്പെടുന്നു.
സമീപകാലത്ത് കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ കെ.എ. സുബീറിനെ സസ്പെൻഡ് ചെയ്തതും ഭായി കോളനിയുമായി ബന്ധപ്പെട്ട ലഹരി കേസുകളുടെ ഗൗരവം വ്യക്തമാക്കുന്നു.
സ്ഥിതി അതിരൂക്ഷമായതോടെ നാട്ടുകാർ സ്വയം സംഘടിച്ച് ‘ലഹരി വിരുദ്ധ സമിതി’ രൂപീകരിച്ചു. ലഹരി വാങ്ങാനും സ്ത്രീകളെ അന്വേഷിച്ചുമെത്തുന്നവരെ നാട്ടുകാർ നേരിട്ട് ചോദ്യം ചെയ്യാൻ തുടങ്ങി.
ഇതിന്റെ തുടർച്ചയായാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിക്കുന്നതിൽ എതിർപ്പില്ലെന്ന് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് വ്യക്തമാക്കുന്നു.
എന്നാൽ ലഹരി ഇടപാടുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒരിക്കലും അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









