കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി
തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കലിനോടനുബന്ധിച്ച് കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി ബാധകമാകുക.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലുൾപ്പെടുത്തിയിരിക്കുന്ന അവധിയായതിനാൽ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 10 മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
ആദ്യം ജനുവരി 15 വരെ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിന്നുള്ള ശക്തമായ ആവശ്യത്തെ തുടർന്നാണ് ഒരു ദിവസം കൂടി അവധി നീട്ടിയതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഇതോടെ ജനുവരി 17നാണ് സ്കൂളുകൾ വീണ്ടും തുറക്കുക. പൊങ്കലിനോട് അനുബന്ധിച്ച് തെലങ്കാനയും സമാനമായ നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് ആരംഭിക്കുന്ന ഉത്സവം നാല് ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്നു.
തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം ആരംഭിച്ച് തൈമാസം മൂന്നാം തീയതിയോടെയാണ് പൊങ്കൽ ആഘോഷങ്ങൾ അവസാനിക്കുന്നത്.
ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി
ഓരോ ദിവസത്തിനും പ്രത്യേക ചടങ്ങുകളും വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നു. ആഘോഷങ്ങളുടെ ആദ്യ ദിവസം ‘ബോഗി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മാർഗഴിയുടെ അവസാന ദിനമായ ഈ ദിവസം, നല്ല വിളവിന് സഹായിച്ച കാലാവസ്ഥയ്ക്കായി സൂര്യദേവനോട് നന്ദി അറിയിക്കുന്ന ദിനമാണ്.
പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുകയും, പുതിയ വർഷത്തിലെ വിളവെടുപ്പ് സമൃദ്ധമാകണമെന്ന പ്രാർത്ഥനയും നടത്തുന്നതാണ് ഈ ദിവസത്തെ പ്രധാന ആചാരം. ചാണകവും വിറകുമാണ് സാധാരണയായി തീക്കായി ഉപയോഗിക്കുന്നത്.
പൊങ്കൽ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് രണ്ടാമത്തെ ദിവസം ആയ തൈപ്പൊങ്കൽ. ഈ ദിവസം വീടുകളിൽ പ്രത്യേക പൂജകൾ നടത്തുകയും, വർണ്ണാഭമായ കോലങ്ങൾ മുറ്റങ്ങളിൽ ഒരുക്കുകയും ചെയ്യും.
വീടിന്റെ പുറത്താണ് അടുപ്പ് കൂട്ടി പുതിയ പാത്രത്തിൽ പാലിൽ അരി വേവിക്കുന്നത്. അരി തിളച്ചു പൊങ്ങുമ്പോൾ ‘പൊങ്കലോ പൊങ്കൽ’ എന്ന് ഉച്ചരിക്കുന്നത് പ്രധാന ആചാരമാണ്.
മഞ്ഞൾച്ചെടി പാത്രത്തിൽ കെട്ടിവയ്ക്കുകയും, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യനു സമർപ്പിക്കുകയും ചെയ്യും.
വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞ വധുവിന്റെ വീട്ടിലേക്ക് പൊങ്കൽപാത്രവും അരിയും ശർക്കരയും പുതുവസ്ത്രവും നൽകുന്ന പതിവും ഇന്നും തുടരുന്നു.









