തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന
തിരുവനന്തപുരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ജില്ലയെ ഞെട്ടിച്ചു.
വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ (49) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഇന്ന് പുലർച്ചെയോടെയാണ് ഷിബുമോനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവുപോലെ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.
ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഷിബുമോന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
ഷിബുമോൻ കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. നിലവിൽ പുതിയ വീടിന്റെ നിർമ്മാണം പുരോഗമിച്ചുവരികയായിരുന്നുവെന്നും, അതിന്റെ ഭാഗമായി കടുത്ത സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നുവെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ഈ സാമ്പത്തിക സമ്മർദ്ദം മാനസിക സംഘർഷത്തിന് കാരണമായിരിക്കാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
എന്നാൽ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തതവരൂവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴിയും സഹപ്രവർത്തകരുടെ വിശദീകരണങ്ങളും ശേഖരിച്ചുവരികയാണ്.









