പുതുവർഷത്തെ വരവേറ്റ് ലോകം
തിരുവനന്തപുരം: ലോകം പുതുവർഷത്തെ പുതുമകളോടെയും പ്രതീക്ഷകളോടെയും വരവേറ്റപ്പോൾ കേരളവും ആട്ടവും പാട്ടും നിറഞ്ഞ ആഘോഷരാവിന് സാക്ഷിയായി.
രാത്രി 12 മണിയോടെ ആകാശം പടക്കങ്ങളുടെ വർണാഭയോടെ തെളിഞ്ഞപ്പോൾ നഗരങ്ങളും ഗ്രാമങ്ങളും ഒരുമിച്ച് ‘ഹാപ്പി ന്യൂ ഇയർ’ എന്ന ആശംസകളാൽ മുഴങ്ങി.
തലസ്ഥാനമായ തിരുവനന്തപുരത്ത് മാനവീയം വീഥി, കനകക്കുന്ന് കൊട്ടാരം, ശംഖുമുഖം, കോവളം ബീച്ചുകൾ, വിവിധ ക്ലബുകൾ, ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിലുടനീളം ആഘോഷങ്ങൾ നിറഞ്ഞു.
കോവളത്ത് വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തീരം നിറഞ്ഞുനിന്ന് പുതുവർഷത്തെ വരവേറ്റു.
സ്വകാര്യ ഹോട്ടലുകളിൽ നിന്നുയർന്ന ചെണ്ടമേളത്തിന്റെയും നാസിക് ബാൻഡുകളുടെയും താളത്തിൽ തീരത്ത് ആഘോഷങ്ങൾ അരങ്ങേറി.
ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, പ്രമുഖ ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികൾ നടന്നു. ആഘോഷങ്ങൾ കണക്കിലെടുത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
രാത്രി 12 വരെ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പരിശോധനകൾ കർശനമാക്കി. എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവർ സംയുക്തമായി വാഹന പരിശോധനകളും നടത്തി.
കൊച്ചിയിൽ ഫോർട്ട് കൊച്ചി, വെളി മൈതാനം, പള്ളുരുത്തി, തൃക്കാക്കര, പുതുവൈപ്പ് ബീച്ച്, ചെറായി ബീച്ച്, മലയാറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ആഘോഷത്തിൽ മുഴുകി.
ഫോർട്ട് കൊച്ചിയിൽ ഇതുവരെ കാണാത്ത തിരക്കാണ് അനുഭവപ്പെട്ടത്. തൃക്കാക്കരയിലും ആഘോഷങ്ങൾ പൊടിപൊടിച്ചു.
കുട്ടികളിൽ നിന്ന് മുതിർന്നവരെ വരെ പ്രായഭേദമന്യേ എല്ലാവരും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി.
ഇത്തവണ പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പടുകൂട്ടൻ പാപ്പാഞ്ഞികളെ കൃത്യം 12 മണിക്ക് അഗ്നിക്കിരയാക്കി.
ഹർഷാരവങ്ങളോടൊപ്പം ‘ഹാപ്പി ന്യൂ ഇയർ’ വിളികൾ മുഴങ്ങി.
കഴിഞ്ഞവർഷത്തെ അപകടസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ ആഘോഷങ്ങൾ കർശന നിയന്ത്രണത്തിലായിരുന്നു.
ഫോർട്ട് കൊച്ചിയിൽ മാത്രം 28 ഇൻസ്‌പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു.
സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ടും വെളി ഗ്രൗണ്ടും പരിസരങ്ങളിൽ പാർക്കിംഗ് നിരോധിച്ചു.
ഉച്ചയ്ക്ക് 2ന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. വൈകിട്ട് നാല് മുതൽ ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിയന്ത്രണവിധേയമാക്കി.
English Summary
Kerala welcomed the New Year with grand celebrations as cities and tourist hubs lit up with fireworks, music, and dance. From Thiruvananthapuram to Kochi, beaches, clubs, and public spaces were filled with revelers. Police imposed strict security and traffic controls, especially in Fort Kochi, deploying over 1,200 personnel to ensure safety. Despite heavy crowds, celebrations concluded peacefully under tight supervision.
kerala-new-year-celebrations-2025-security-arrangements
New Year, Kerala, Thiruvananthapuram, Kochi, Fort Kochi, New Year Celebration, Police Security, Fireworks, Tourism









