‘പുഷ്പ 2 പ്രീമിയറിലെ മരണം: നടൻ അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം
ബെംഗളൂരു: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ നടൻ അല്ലു അർജുനെ പ്രതിചേർത്ത് ഹൈദരാബാദ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് കേസിലെ ഒന്നാം പ്രതി.
അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇത് മുട്ട തൊട്ടാൽ പൊള്ളുന്ന മാസം! ഉടനൊന്നും വില താഴില്ല
ഒരു വർഷത്തിന് ശേഷം കുറ്റപത്രം
2024 ഡിസംബർ 4 ന് നടന്ന സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി (39) മരിക്കുകയും, അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രീമിയർ ഷോയും ദുരന്തത്തിലേക്കുള്ള വഴിയും
‘പുഷ്പ 2’ പ്രീമിയർ പ്രദർശനത്തിനായി സന്ധ്യ തിയേറ്ററിലേക്ക് അല്ലു അർജുന്‍ എത്തിയതോടെയാണ് വൻ ജനത്തിരക്ക് രൂപപ്പെട്ടത്.
നിയന്ത്രണങ്ങളില്ലാതെ കൂടിയ ആൾക്കൂട്ടമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
തിരക്ക് നിയന്ത്രിക്കുന്നതിൽ തിയേറ്റർ മാനേജ്മെന്റിനും സുരക്ഷാ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
സിസിടിവി ദൃശ്യങ്ങളും അറസ്റ്റുകളും
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ, അല്ലു അർജുനൊപ്പം ഉണ്ടായിരുന്ന ബൗൺസർമാർ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതും മരിച്ച രേവതിയെ തൂക്കിയെടുത്ത് മാറ്റുന്നതും വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അല്ലു അർജുന്റെ സെക്യൂരിറ്റി മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന്, തിക്കും തിരക്കിനും കാരണമായെന്നാരോപിച്ച് അല്ലു അർജുനെയും തിയേറ്റർ മാനേജ്മെന്റിലെ ചിലരെയും അറസ്റ്റ് ചെയ്തു.
ജാമ്യവും നിയമനടപടികളും
2024 ഡിസംബർ 13 നാണ് അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ അടുത്ത ദിവസം തന്നെ തെലങ്കാന ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ താരം പുറത്തിറങ്ങി.
കേസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതോടെ വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്.
English Summary:
Hyderabad Police have filed a chargesheet naming actor Allu Arjun as an accused in the crowd disaster that occurred during the ‘Pushpa 2’ premiere at Sandhya Theatre. The theatre owner has been listed as the prime accused, along with Allu Arjun’s security personnel. The incident, which took place on December 4, 2024, led to the death of a woman and serious injuries to her child. The chargesheet was submitted nearly a year after the incident, following arrests, CCTV evidence, and Allu Arjun’s subsequent release on interim bail.









