ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കിയില്ല; എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു
കൊച്ചി: പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് എംഎൽഎ ഓഫീസ് നഷ്ടമായി.
കെട്ടിട ഉടമയുടെ ഭാര്യ യുഡിഎഫ് സ്ഥാനാർത്ഥിയായി നഗരസഭയിലേക്ക് വിജയിച്ചിരുന്നുവെങ്കിലും, അവരെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതോടെയാണ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടത്.
ഡിസംബർ ആദ്യവാരത്തിലാണ് പെരുമ്പാവൂർ നഗരസഭയിലെ 20-ാം വാർഡിലെ ഒരു വീട്ടിലേക്ക് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഓഫീസ് മാറ്റിയത്. ഇതിന് വാടക കരാർ എഴുതിയിരുന്നില്ല.
കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20-ാം വാർഡിൽ നിന്നുള്ള കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേർ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ, കൗൺസിലർമാരുടെ അഭിപ്രായം തേടിയ ഡിസിസി കെ.എസ്. സംഗീതയെ ചെയർപേഴ്‌സൺ ആയി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനു പിന്നാലെ എംഎൽഎയോട് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ എംഎൽഎ ഓഫീസിന്റെ ബോർഡ് ഇളക്കി മാറ്റി റോഡരികിൽ തള്ളിയ നിലയിലായിരുന്നു.
കൂടാതെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. ‘ഇറങ്ങിപ്പോകൂ’ എന്ന കടുത്ത നിലപാടിലേക്കാണ് കെട്ടിട ഉടമ നീങ്ങിയത്.
ഇന്നുതന്നെ എംഎൽഎ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ഓഫീസ് ജീവനക്കാർ അറിയിച്ചു.
English Summary
Following the election of the Perumbavoor Municipal Chairperson, MLA Eldose Kunnappilly lost his MLA office after the building owner demanded that the space be vacated. The owner’s wife, who was elected as a UDF councillor, was not chosen as chairperson, reportedly triggering the dispute. The office board was removed and the electricity connection cut. The MLA office is expected to be shifted to another building soon.
eldose-kunnappilly-mla-office-evicted-perumbavoor-municipality-election
perumbavoor municipality, eldose kunnappilly, kerala politics, udf, municipal election controversy, mla office eviction









