പാർട്ടി പ്രവർത്തകന്റെ ബൈക്ക് അടിച്ചു തകർത്ത് തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ്
മലപ്പുറം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് എൽഡിഎഫ് പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
വണ്ടൂർ പോരൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിൻസിയുടെ ഭർത്താവ് കെ. അനൂപാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
എൽഡിഎഫ് സ്ഥാനാർഥി പി. സ്വപ്നയുടെ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്.
പ്രകടനം കടന്നുപോകുമ്പോൾ അനൂപ് പ്രകോപനപരമായ പെരുമാറ്റം കാട്ടുകയും, മദ്യപിച്ച നിലയിൽ അനൗൺസ്മെന്റ് വാഹനത്തിന്റെ ചാവി ഊരാൻ ശ്രമിക്കുകയും പ്രവർത്തകരോട് കയർക്കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഇടപെട്ടു. ലാത്തിവീശിയാണ് അനൂപിനെ സ്ഥലത്തുനിന്ന് മാറ്റിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പ്രകടനം മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ആക്രമണം നടന്നത്.
മുതീരി പള്ളിപ്പടിക്ക് സമീപം നിർത്തിയിട്ടിരുന്ന എൽഡിഎഫ് പ്രവർത്തകൻ എം. സെയ്തലവിയുടെ ബൈക്കാണ് അനൂപ് അക്രമാസക്തമായി അടിച്ചുതകർത്തത്. ബൈക്കിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കിയതോടെ കോടതി റിമാൻഡ് ചെയ്തു.
തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.









