ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി.
ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് കുട്ടിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
ഡിസംബർ 11-ന് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കുട്ടിക്ക് പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റതായും ബാത്ത്‌റൂമിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. കുളിപ്പിക്കുന്നതിനിടെയാണ് പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മർദ്ദനമേറ്റ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയതായും, വിഷയത്തിൽ ഒത്തുതീർപ്പിന് സ്കൂൾ അധികൃതർ ശ്രമിച്ചെങ്കിലും അത് അംഗീകരിച്ചില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.









