വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്
ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിേശാധനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ.
കോഴിക്കോട് ചെറുവണ്ണൂർ റഹിമാൻ ബസാറിൽ മുഹമ്മദ് ഫവാസ് (32),കോഴിക്കോട് ചെനപറമ്പ് സ്‌നേഹസൗധം വീട്ടിൽശ്രാവൺ താര (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിൽ 50.50 ഗ്രാം എംഡിഎംഎ,2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
തുടർന്ന് ഇവർ താമസിച്ചിരുന്ന വാഗമൺ വാഗനാക്ഷത്ര സ്യൂട്ട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയിൽ 3,75,000 രൂപ എന്നിവയും പിടിച്ചെടുത്തു.
പ്രതികൾക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. 2025 നവംബർ 11-ന് ആലപ്പുഴ അരൂരിൽ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവൺ താര.
നിലവിൽ മയക്കുമരുന്ന് കേസിൽ ജയിലിലാണ് ശ്രീമോൻ. മുഹമ്മദ് ഫവാസിനെതിരെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്.
ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നതിനായിട്ടാണ് ഇവർ വാഗമണിൽ എത്തിയതെന്ന് എക്‌സൈസ് വ്യക്തമാക്കി.
പ്രതികൾക്കെതിരെ പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തോട് ബന്ധപ്പെട്ട എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇടുക്കി അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
ഇവരുമായി ബന്ധമുള്ള കൂടുതൽ ആളുകളുണ്ടോ എന്നറിയാൻ വാഗമണിലെ എല്ലാ റിസോർട്ടുകളിലും ശക്തമായ അന്വേഷണം നടന്നുവരികയാണ്.
പീരുമേട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മിഥുൻ വിജയിയുടെ നേതൃത്വത്തിൽ പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസും സർക്കിൾ ഓഫീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ഉന്നത ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രദീപ് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജ് എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിലെ സിഇഒ നിതിൻ എ കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ അൻസാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജോബി പി ചാക്കോ.പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാർ പി.രാമകൃഷ്ണൻ , ആർ. മണികണ്ഠൻ,പ്രിവന്റീവ് ഓഫീസർജയരാജ് എൻ.സി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു കെ. തങ്കപ്പൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബി. രാജ്കുമാർ , സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.









