കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം
ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ് വയസ്സുകാരൻ കാറിനകത്തു പെട്ട് ശ്വാസംമുട്ടി മരിച്ച ദാരുണസംഭവം മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിൽ നടന്നു.
കവിതയുടെ മകനായ ഷൺമുഖവേലയാണ് മരണത്തിന് ഇരയായത്. കുടുംബത്തെ നടുക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പുറത്തുവന്നത്.
മേലാപ്പെട്ടി പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ട കാറിനകത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കാറിനകത്ത് പ്രവേശിച്ചതാന് മരണകാരണം.
വാതിൽ പൂട്ടപ്പെട്ടതിനെ തുടർന്ന് പുറത്തു വരാൻ കഴിഞ്ഞില്ലെന്നും ശ്വാസംമുട്ടാണ് മരണ കാരണമെന്നും പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച ഷൺമുഖവേൽ അമ്മയോടൊപ്പം നടക്കോട്ടയിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടിൽ പോയിരുന്നു.
വൈകീട്ട് കളിക്കാൻ പുറത്തുപോയ കുട്ടി തിരിച്ചെത്താതെ വന്നപ്പോൾ ബന്ധുക്കൾ ആദ്യം സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല.
കുട്ടി ബന്ധുവിന്റെ വീട്ടിലേക്കോ മറ്റേതെങ്കിലും വീട്ടിലേക്കോ പോയിരിക്കാമെന്നായിരുന്നു അമ്മ കവിതയുടെ കരുതൽ.
എന്നാൽ വെള്ളിയാഴ്ചയായിട്ടും ഷൺമുഖവേൽ വീട്ടിലേക്ക് മടങ്ങിയെത്താതായപ്പോൾ ആശങ്ക ശക്തമായി. ഇതോടെ പേരയൂർ പോലീസിൽ ഔദ്യോഗിക പരാതി നൽകി.
പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഉത്സവ തിരക്കിനിടയിൽ കുട്ടിയെ കണ്ടതായി ആരും പറഞ്ഞുമില്ല.
ശനിയാഴ്ച രാത്രി, ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു തിരിച്ചുപോകാനായി കാർ എടുക്കാൻ വന്ന വിരുദുനഗർ സ്വദേശിയായ ഒരു ഡോക്ടർ, കാറിന്റെ വാതിൽ തുറന്നപ്പോൾ അകത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സംഭവം പോലീസിനെ അറിയിച്ചു, തുടർന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റി.
ഫൊറൻസിക് പരിശോധനയിൽ, ഷൺമുഖവേൽ കാറിനകത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന സൂചനകളും തെളിവുകളും ലഭിച്ചു.
കുട്ടി ഗ്ലാസിൽ ഇടിച്ചു ശബ്ദമുണ്ടാക്കിയതിന്റെ അടയാളങ്ങൾ വിദഗ്ധർ കണ്ടെത്തി. എന്നാൽ അന്നിടെ നടക്കുന്ന ക്ഷേത്രോത്സവത്തിലെ വാദ്യമേളങ്ങളുടെ ഗുരുതരമായ ശബ്ദങ്ങൾ കാരണം അത് ആരും കേട്ടില്ല എന്നാണ് കരുതുന്നത്.









