തേവര എസ്.എച്ച്. കോളേജ് വിദ്യാർത്ഥികളുടെ ഗോവ ടൂർ മുടങ്ങി; ബസിന് നൽകിയ ഒരു ലക്ഷം രൂപ തിരികെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൊച്ചി: തേവരയിലെ സെക്രഡ് ഹാർട്ട് കോളേജ് (എസ്.എച്ച് കോളേജ്) വിദ്യാർത്ഥികളുടെ ബാംഗ്ലൂർ–ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് ബസിന് നൽകിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അനുകൂല ഉത്തരവ് നൽകി.
ബി.എസ്.സി (ഫിസിക്സ്) വിദ്യാർത്ഥി. ഹെലോയിസ് മാനുവലാണ് പരാതി നൽകിയത്.
എതിർകക്ഷിയായ ബി.എം ടൂർസ് & ട്രാവൽസ് (കലൂർ) സ്ഥാപനത്തിനെതിരെ 1.25 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
യാത്രാ പദ്ധതിയും റദ്ദാക്കലും
2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും പോകുന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
37 വിദ്യാർത്ഥികളെയും 3 അധ്യാപകരെയും പങ്കെടുപ്പിക്കാനായിരുന്നു പദ്ധതി.
ആകെ ₹2,07,000 രൂപയായിരുന്നു ടൂറിന്റെ ചെലവ്. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു.
പരാതിക്കാരൻ ₹1,00,000/- അഡ്വാൻസായി ടൂർ ഓപ്പറേറ്റർമാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു.
എന്നാൽ ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. ബദൽ ടിക്കറ്റുകൾ ലഭ്യമാകാത്തതിനാൽ ടൂർ പൂർണ്ണമായും റദ്ദാക്കി.
പണം തിരികെ നൽകാതിരുന്നത് അന്യായ വ്യാപാരം: കമ്മീഷൻ
യാത്ര റദ്ദായ ശേഷം, 2023 ജൂണിൽ പണം നൽകാമെന്ന് ഓപ്പറേറ്റർ സമ്മതിച്ചെങ്കിലും, പിന്നീട് തുക തിരികെ നൽകിയില്ല.
ഇതിനെ തുടർന്ന് വിദ്യാർത്ഥി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു.
“യാത്രാ തടസ്സം വന്നപ്പോൾ പണം ഉടൻ തിരികെ നൽകുക നിയമപരമായ ബാധ്യതയായിരുന്നു. ദീർഘമായ നിശബ്ദത വിദ്യാർത്ഥിയെ കോടതിയിലേക്ക് കൊണ്ടുപോയി.” ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് (വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ അംഗങ്ങൾ) വിധിയിൽ വ്യക്തമാക്കി
വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അടക്കം ലഭിക്കും
കമ്മീഷൻ ടൂർ ഓപ്പറേറ്റർമാരോട് നിർദേശിച്ചത്:
- ₹1,00,000/- അഡ്വാൻസ് തുക തിരികെ നൽകുക
- ₹25,000/- നഷ്ടപരിഹാരവും കോടതി ചെലവായി നൽകുക
- 45 ദിവസത്തിനകം തുക അടയ്‌ക്കണം
പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ. ജോൺസൺ ഹാജരായി.
English Summary:
Students from Sacred Heart College, Thevara, who planned a Bangalore-Goa study tour in February 2023, faced cancellation after train services were withdrawn. Despite promising a refund, BM Tours & Travels failed to return the ₹1 lakh advance. The Ernakulam Consumer Disputes Redressal Commission ruled in favor of the student, ordering the operator to pay ₹1 lakh refund and ₹25,000 compensation within 45 days. The bench observed that the operator’s silence amounted to deficiency in service and unfair trade practice.









