തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തിന് പുതിയ ജൈവശക്തിയേകുന്ന മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക അംഗീകാരം നൽകി.
നഗരത്തിലെ പ്രധാന ഭരണ, ഗതാഗത, ഐടി, വിദ്യാഭ്യാസ കേന്ദ്രങ്ങളെ പരമാവധി സൗകര്യത്തോടെ ബന്ധിപ്പിക്കുന്ന രീതിയിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന ആദ്യ ഘട്ടത്തിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും.
പുത്തൻ പാത ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകളും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും, തമ്പാനൂർ KSRTC ബസ് സ്റ്റാൻഡും, റെയിൽവേ സ്റ്റേഷനും, സെക്രട്ടേറിയറ്റും, മെഡിക്കൽ കോളേജും തമ്മിലുള്ള യാത്ര എളുപ്പമാക്കും.
നഗരത്തിലെ ട്രാഫിക് തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും, പൊതുഗതാഗതത്തിന്റെ നിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി വേഗത്തിലാക്കിയത്.
ഇന്റർചേഞ്ച് സ്റ്റേഷനുകൾ
മെട്രോയിൽ നിന്ന് മറ്റ് ഗതാഗത മാർഗങ്ങളിലേക്ക് എളുപ്പത്തിൽ മാറാൻ അവസരം നൽകുന്ന കഴക്കൂട്ടം, ടെക്‌നോപാർക്ക്, കാര്യമവട്ടം എന്നിവയാണ് നിർദേശിച്ചിരിക്കുന്ന പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു
മെട്രോ പദ്ധതിയുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല KMRL ഏറ്റെടുത്തിരുന്നു. ഇതിൽ ശ്രീകാര്യം ഫ്‌ളൈഓവർ വേഗത്തിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾ ശമിപ്പിച്ച് പൊതുജനത്തിന് തുറന്നു
27 സ്റ്റേഷനുകളുടെ പട്ടിക
പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം ജംഗ്ഷൻ, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പൊങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം,
ടെക്‌നോപാർക്ക് ഫേസ് 1 (ഇന്റർചേഞ്ച്), ടെക്‌നോപാർക്ക് ഫേസ് 3, കുളത്തൂർ, ടെക്‌നോപാർക്ക് ഫേസ് 2 (ഇന്റർചേഞ്ച്), ആക്കുളം ലേക്ക്, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, എയർപോർട്ട്, ഈഞ്ചക്കൽ (ടെർമിനൽ).
മെട്രോ പ്രവർത്തനം ആരംഭിക്കുമ്പോൾ നഗരത്തിന്റെ ഭാവി ഗതാഗത രീതി പൂർണ്ണമായി മാറുമെന്നതാണ് പ്രതീക്ഷ.
ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവം, സമയ ലാഭം, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവയിലൂടെ തിരുവനന്തപുരം ഒരു മെട്രോ സിറ്റി എന്ന നിലയിൽ ഉയർന്നുവരും.
English Summary
Kerala CM Pinarayi Vijayan has approved the Phase-1 alignment of the Thiruvananthapuram Metro. The 31 km route will have 27 stations connecting Technopark (all 3 phases), the airport, Thampanoor bus stand, railway station, Secretariat, and Medical College. Kozhikode, Technopark and Kariyavattom will be interchange stations.









