മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.
ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ് ഇരുവരും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്.
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ സമയത്ത് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.
പ്രായപൂർത്തിയായ പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത്.
മനുഷ്യക്കടത്ത് എൻഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവ പരിഗണിക്കാൻ എൻഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സർക്കാർ വാദിക്കുകയായിരുന്നു. ഇത് അഡിഷനൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു.
ആദ്യം കേസ് പരിഗണിച്ച മജിസ്ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞ് ജാമ്യാപേക്ഷ തള്ളി. ഇതോടെ കന്യാസ്ത്രീകൾ എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ആണ് ഉയർന്നിരുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചിരുന്നു.
Summary: The NIA court in Bilaspur has granted bail to two Malayali nuns—Sister Vandana Francis from Udayagiri Parish, Thalassery, and Sister Preethi Mary from Elavoor Parish, Angamaly—who were arrested in Chhattisgarh on charges of human trafficking.









