കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ കുടുംബശ്രീയുടെ “മാ കെയർ’ പദ്ധതിയെത്തുന്നു.
കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് “മാ കെയർ’ കിയോസ്ക് പദ്ധതി നടപ്പാക്കുക.
പദ്ധതി ആരംഭിക്കുന്നതു വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ തന്നെ കിയോസ്കുകൾ തുറക്കും.
കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികൾ ഇതിനായി ഉപയോഗിക്കും.
ഇതോടെ വിദ്യാർഥികളും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും.
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.
ജൂലൈയിൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗത്തിനു കീഴിലുള്ള ആയിരം സ്കൂളികളിലെങ്കിലും പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.