വാഹനം ഓടിക്കുന്നതിനിടെ, ഡ്രൈവര്‍ വാഹനത്തിന്റെ വാതില്‍ തുറന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. പുകയില തുപ്പുന്നതിനുവേണ്ടി വാതില്‍ തുറന്നതോടെ ഇന്നോവ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. മണിക്കൂറില്‍ നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇന്നോവയില്‍നിന്ന് പുറത്തേക്ക് തുപ്പുന്നതിനാണ് ഡ്രൈവര്‍ ഡോര്‍ തുറന്നത്.
ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. ചകര്‍ബന്ത സ്വദേശിയായ വസ്ത്രവ്യാപരി ജാക്കി ഗേഹി (31) എന്ന യുവാവാണ് മരിച്ചത്.
ജാക്കിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ഒരു ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബിലാസ്പുര്‍-റായ്പുര്‍ ഹൈവേയില്‍ രാത്രി 1.30 ഓടെയാണ് അപകടം നടന്നത്. സുഹൃത്ത് ആകാശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പങ്കജ് എന്ന മറ്റൊരു സുഹൃത്താണ് ഡ്രൈവറുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നിരുന്നത്.
ജാക്കി പിന്നിലെ സീറ്റിലായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ വായിലുണ്ടായിരുന്ന പുകയില പുറത്തേയ്ക്ക് തുപ്പുന്നതിനായാണ് ആകാശ് വാഹനത്തിന്റെ ഡോര്‍ തുറന്നത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു.
വാഹനം മറിഞ്ഞതോടെ, മൂന്നുപേരും വാഹനത്തില്‍നിന്ന് പുറത്തേയ്ക്ക് തെറിച്ചുവീണു. റോഡിലെ ഡിവൈഡറില്‍ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിച്ചുവീണ് ജാക്കിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് സംഭവസ്ഥലത്തുതന്നെ ജാക്കി മരണപ്പെടുകയായിരുന്നു.