ലൈബീരിയൻ കപ്പൽ കേരള തീരത്ത് മുങ്ങിയതിന്റെ വിശദാംശങ്ങളും പരിണതഫലങ്ങളും എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദശാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അറിയിക്കണം.
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം ക ടലിൽ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
കപ്പലിൽനിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിൽ അടിഞ്ഞിരുന്നു. ഇതിൽ പഞ്ഞിയും തേയിലയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്.
പൂർണമായും തകർന്ന ചില കണ്ടെയ്നറുകൾ ഒഴിഞ്ഞ നിലയിലായിരുന്നു. ആകെ 643 കണ്ടെയ്നറുകളാണ് ആലപ്പുഴയ്ക്ക് സമീപം മുങ്ങിയ എം.എസ്.സി. എൽസ 3 എന്ന കാർഗോ ഷിപ്പിൽ ഉണ്ടായിരുന്നത്.