തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം നടന്നത്.
അയ്യന്തോളിലെ ശോഭയുടെ വീടിനു എതിർവശത്തെ വീടിന്റെ ഗേറ്റിന് നേരേയാണ് അജ്ഞാതർ സ്ഫോടകവസ്തു വലിച്ചെറിഞ്ഞത്.
ആകെ രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്. ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തുവാണ് ഗേറ്റിനു നേരേ വലിച്ചെറിഞ്ഞതെന്നാണ് വിവരം.
ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ശോഭ സുരേന്ദ്രന്റെ വീടാണെന്ന് കരുതിയാകാം എതിർവശത്തെ വീടിനു നേരേ സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിന് പിന്നാലെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്‌റ്റിൻ ജേക്കബ് അടക്കമുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ശോഭ അടക്കമുള്ളവർ വീട്ടിലുള്ള സമയത്താണ് സംഭവം നടന്നത്. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു സ്ഫോടക വസ്തു എറിഞ്ഞതാണെന്നു വ്യക്‌തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു സംശയിക്കുന്നു. ബൈക്കിലെത്തിയവരെ ഇതുവരെതിരിച്ചറിഞ്ഞിട്ടില്ല.
എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. എന്നാൽ ആക്രമണത്തിന്റെ പ്രകോപനം എന്തെന്നു വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
പേടിപ്പിക്കലുകളിൽ വാടിവീഴുന്നവരല്ല തങ്ങളെന്നും ഭയപ്പെടുത്താനാകില്ലെന്നും ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു