കവിയൂർ: പത്തനംതിട്ട തിരുവല്ല കവിയൂരിലാണ് അമ്മയെ മകൻ ക്രൂര മർദനത്തിന് ഇരയാക്കിയത്. കവിയൂർ സ്വദേശിനി 75 വയസ്സുള്ള സരോജിനിയെയാണ് മകൻ സന്തോഷ് മർദിച്ചത്. സംഭവത്തിൽ തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് മദ്യലഹരിയിലെത്തിയ മകൻ സരോജിനിയെ ക്രൂരമായി മർദ്ദിച്ചത്. മദ്യപാനിയായ സന്തോഷ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. പലപ്പോഴും ഇയാൾ മദ്യലഹരിയിൽ മാതാവ് സരോജിനിയെ മർദിക്കാറുണ്ടെന്നും, പിടിച്ചുമാറ്റാനായി എത്തുന്ന അയൽവാസികളെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലുള്ള അക്രമം പതിവായതോടെയാണ് അയൽവാസികളിൽ ചിലർ ചേർന്ന് മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയത്.
നാട്ടുകാർ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് സന്തോഷിനെ പിടികൂടുകയായിരുന്നു. സ്ഥിരം മദ്യപാനിയായ സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതിനാൽ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടാണ് അമ്മയെ ഇയാൾ മർദിച്ചിരുന്നത്. സംഭവത്തിൽ നാട്ടുകാരും പഞ്ചായത്ത് അംഗവും ചേർന്ന് ഇയാൾക്കെതിരെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.